തിരുവനന്തപുരം:അലക്സ് ആന്‍റണിയെന്ന 26കാരൻ ഇക്കുറി ഒളിമ്പിക്സില്‍ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലാണ് ഒരു നാട് മുഴുവൻ. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ അലക്സ് ടോക്കിയോ ഒളിമ്പിക്സില്‍ 4x400 മീറ്റര്‍ റിലേ, മിക്സഡ് റിലേ ഇനങ്ങളിലാണ് മത്സരിക്കുന്നത്. ഏറെ സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ നിന്നാണ് അലക്സ് ഈ നേട്ടത്തിലേക്ക് ചുവട് വയ്ക്കുന്നത്. അലക്സിനായി പുല്ലുവിള ഗ്രാമം മുഴുവൻ പ്രാര്‍ഥനയിലാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം
പിതാവ് ആന്‍റണി മത്സ്യത്തൊഴിലാളിയാണ്. തീരപ്രദേശത്തോട് ചേര്‍ന്ന് ഓടുപാകിയ ചെറിയ വീട്ടിലായിരുന്നു കുടുംബം. ഒന്നര മാസം മുൻപ് പെയ്ത ശക്തമായ മഴയിൽ വീടിന്‍റെ ഓട് പാകിയ മേൽക്കൂര പൊളിഞ്ഞു വീണു. അന്നു മുതൽ സമീപത്തൊരു വീട്ടിലാണ് കുടുംബ താമസിച്ചിരുന്നത്. ആദ്യം താമസിച്ചിരുന്ന വീട് കഴിഞ്ഞ ദിവസമാണ് വായ്പ എടുത്ത തുക കൊണ്ട് കോൺക്രീറ്റ് ചെയ്തത്.
പണിതീരാത്ത വീട്ടില്‍ നിന്നും പ്രതീക്ഷയോടെ ഒളിമ്പിക്സ് ട്രാക്കിലേക്ക് പ്ലസ്ടു അധ്യാപകൻ വഴിക്കാട്ടി
കുട്ടിക്കാലത്ത് ഫുട്ബോളിനോടായിരുന്നു അലക്സിന് താൽപര്യം. പ്ലസ്ടുവിനു ചേർന്നപ്പോൾ കായികാധ്യാപകൻ പ്രദീപാണ് അലക്സിനുള്ളിലെ അത്‌ലറ്റിനെ കണ്ടെത്തിയത്. ഇതോടെ സായിയില്‍ ചേര്‍ന്നു. ചിട്ടയായ പരിശീലനം പ്രതിഭയ്ക്കു മൂർച്ച കൂട്ടി. പുതിയ ലക്ഷ്യബോധവും ഓട്ടത്തിൽ പ്രഫഷണൽ മികവും പകർന്നത് സായിയിലെ പരിശീലകൻ നിഷാദ് കുമാറാണ്. 2013ൽ ജൂനിയർ നാഷണലിൽ വെങ്കലം നേടി. തൊട്ടടുത്ത വർഷം സീനിയർ ക്യാംപിലേക്ക്. 2019ൽ നാഷനൽ ചാമ്പ്യൻഷിപ്പിൽ 4x400ൽ സ്വർണം. ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ചാമ്പ്യൻഷിപ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.
ഏഴ് മലയാളികളില്‍ ഒരാള്‍
ദേശീയ തലത്തിൽ ഒട്ടേറെ മത്സരങ്ങളിൽ അലക്സ് മെഡൽ നേടിയിട്ടുണ്ട്. സ്പോർട്സ് ക്വാട്ടയിൽ എയർഫോഴ്സിൽ ജോലി നേടി പഞ്ചാബിലെ പട്ട്യാലയിലാണിപ്പോള്‍. ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന 26 അംഗ ഇന്ത്യൻ അത്‌ലറ്റിക് സംഘത്തിൽ ഇടം നേടിയ ഏഴു മലയാളികളിൽ ഒരാളാണ് അലക്സ്. പഞ്ചാബിൽ നിന്ന് ഈ മാസം 23ന് ഇന്ത്യൻ സംഘം ടോക്കിയോയിലേക്ക് പോകും.
കൂടുതല്‍ വായനക്ക്:-ഒളിമ്പിക്സില്‍ നേട്ടം കൊയ്താല്‍ കോടികളുടെ സമ്മാനവുമായി ഒഡിഷ