പഴയ തിരുവന്തപുരം നോർത്ത് മണ്ഡലമാണ് 2011 ൽ വട്ടിയൂർ കാവ് മണ്ഡലമായി പിറവി കൊണ്ടത്. കോർപ്പറേഷനോട് കൂട്ടിച്ചേർക്കപ്പെട്ട പഴയ വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകൾ ഉൾപ്പെടുത്തിയും നോർത്ത് മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഉളളൂർ കടകംപള്ളി പഞ്ചായത്തുകൾ ഒഴിവാക്കി കഴക്കൂട്ടം ചേർത്തുമാണ് പുതിയ വട്ടിയൂർക്കാവ് മണ്ഡലം. 2011 മുതൽ രണ്ടു തവണയും വട്ടിയൂർകാവിന്‍റെ മനസ് യുഡിഎഫിനൊപ്പമാൊണ്. 2011 ലും 16 ലും വലതിനായി മത്സരത്തിനിറങ്ങിയ കെ മുരളീധരനോട് മണ്ഡലം ശക്തമായ കൂറു പുലർത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ട എൽഡിഎഫിന് മണ്ഡലത്തിൽ ഇക്കുറി അഭിമാന പോരാട്ടമാണ്.
പ്രളയ കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട വി.കെ പ്രശാന്തിലൂടെ ഇത്തവണ വിജയം സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടത് ക്യാമ്പ്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള എൻഡിഎയും വിജയത്തിൽ കുറഞ്ഞതൊന്നും ഇത്തവണ വട്ടിയൂർകാവിൽ നിന്നു പ്രതീക്ഷിക്കുന്നില്ല.
മുൻ ഡിസിസി പ്രസിഡന്റും മുൻ നോർത്ത് എം.എൽയുമായിരുന്ന കെ മോഹൻകുമാർ വട്ടിയൂർകാവിൽ ഇത്തവണ അങ്കത്തിനിറങ്ങുമ്പോൾ യുഡിഎഫ് ക്യമ്പിന് പ്രതീക്ഷകൾ ഏറെയാണ്. മോഹൻ കുമാറിന്റെ മണ്ഡലത്തിലെ ബന്ധങ്ങളും കെ. മുരളീധരന് വട്ടിയൂർകാവിലുള്ള ശക്തമായ സ്വാധീനവും കോണ്‍ഗ്രസിന് ക്യാമ്പിന് ഏറെ പ്രതീക്ഷകൾ നൽകുന്ന ഘടകങ്ങളാണ്. മണ്ഡലത്തിൽ എൻഎസ്എസിന്റെ പരസ്യ പിന്തുണയും കൂടി ലഭിക്കുന്നതോടെ വട്ടിയൂർകാവിൽ കോണ്‍ഗ്രസിന് ശക്തി വർധിക്കുന്നു.