തിരുവനന്തപുരം: പിതൃ മോക്ഷത്തിനായി സ്‌നാന ഘട്ടങ്ങളില്‍ ബലി തര്‍പ്പണം നടത്തുന്ന കര്‍ക്കടക വാവ് നാളെ (ജൂലൈ 28). കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിലെ പ്രമുഖ സ്‌നാന ഘട്ടങ്ങളെല്ലാം ബലി തര്‍പ്പണത്തിന് ഒരുങ്ങി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം ജനാര്‍ദ്ദന സ്വാമിക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, ആലുവ മണപ്പുറം, തിരുനാവായ, തിരുനെല്ലി പാപനാശിനി എന്നിവിടങ്ങളാണ് കേരളത്തിലെ പ്രസിദ്ധമായ ബലി തര്‍പ്പണ കേന്ദ്രങ്ങള്‍. ഇതിനു പുറമേ ചെറുതും വലുതുമായ ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള ബലിക്കടവുകളിലെല്ലാം ബലി തര്‍പ്പണം നടക്കും.