തിരുവനന്തപുരം: എസ്ഐയുടെ വീടിനു നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിച്ചു. കുഴിത്തുറക്കു സമീപം ഇടയ്ക്കോട് ആയിരുന്നു സംഭവം.
തമിഴ്‌നാട് സ്പെഷ്യൽ എസ്ഐ സെലിൻകുമാറിന്‍റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും ആണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ ആയിരുന്നു ആക്രമണം. വീടിനു മുന്നിൽ തീ ആളിപ്പടരുന്നത് അയൽവാസികളാണ് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് കുഴിത്തുറയിൽനിന്നും എത്തിയ ഫയർഫോഴ്‌സിന്‍റെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ബൈക്കും കാറും പൂർണമായും കത്തി നശിച്ചു.
സംഭവസമയം വീട്ടില്‍ സെലിൻകുമാറും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. അരുമന പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് യുവാക്കൾ വാഹനങ്ങളിൽ പെട്രോളൊഴിച്ച് തീ കത്തിച്ചതായി വിവരം ലഭിച്ചു. എന്നാൽ അക്രമികൾ വീട്ടിലെ നിരീക്ഷണ ക്യാമറ തകർത്തിരുന്നു.