കേരളം

kerala

ETV Bharat / city

അമ്പൂരി കൊലപാതകം: പുനര്‍ വിവാഹത്തിന് തടസം നിന്നത് കൊലക്ക് കാരണമെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

താനും അഖിലും വിവാഹം കഴിച്ച വിവരം പെണ്‍കുട്ടിയേയും വീട്ടുകാരേയും അറിയിക്കുമെന്ന് രാഖി ഭീഷണിപ്പെടുത്തി.

അമ്പൂരി കൊലപാതകം

By

Published : Jul 27, 2019, 10:40 AM IST

തിരുവനന്തപുരം: കൊല്ലപ്പെട്ട പൂവാര്‍ സ്വദേശിനി രാഖി അഖിലിന്‍റെ പുനര്‍ വിവാഹത്തിന് തടസം നിന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്. രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ഒരു മിസ്‌ഡ് കോളിലൂടെയാണ് അമ്പൂരി തട്ടാന്‍മുക്ക് സ്വദേശിയും പട്ടാളക്കാരനുമായ അഖിലും പൂവാര്‍ സ്വദേശിനിയായ രാഖിയും തമ്മില്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഫെബ്രുവരി പതിനഞ്ചിന് എറണാകുളത്തെ ഒരു ക്ഷ്രേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് അഖില്‍ കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി പ്രണയത്തിലാവുകയും വിവാഹനിശ്ചയം തീരുമാനിക്കുകയും ചെയ്തു. ഈ വിവരം രാഖി അറിഞ്ഞതു മുതലാണ് പ്രശനങ്ങള്‍ക്ക് തുടക്കമായത്. അന്തിയൂര്‍ക്കോണത്തെ പെണ്‍കുട്ടിയുമായുള്ള വിവാഹത്തെ എതിര്‍ത്ത രാഖി, അഖിലിന്‍റെ വിവാഹം ഒരിക്കല്‍ താനുമായി കഴിഞ്ഞ വിവരം പെണ്‍കുട്ടിയേയും വീട്ടുകാരേയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ അസ്വസ്ഥനായ അഖില്‍ കരുതികൂട്ടി കൊലനടത്തുകയായിരുന്നു എന്നാണ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എറണാകുളത്ത് നിന്ന് രാഖി നെയ്യാറ്റിന്‍കരയിലെ അഖിലിന്‍റെ വീട്ടിലെത്തി നേരിട്ട് കാണണമെന്ന് നിരന്തരം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ അസ്വസ്ഥനായ അഖില്‍ അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ കന്യാകുമാരി സ്വദേശിയായ പട്ടാളക്കാരന്‍റെ കാര്‍ വാങ്ങുകയും നെയ്യാറ്റിന്‍കരയില്‍ എത്താന്‍ രാഖിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കാറിൽ കയറ്റി അമ്പൂരിയിൽ അഖിൽ പുതുതായി പണിയുന്ന വീടിന് മുന്നിൽ എത്തിച്ചു. ഇവിടെ രാഹുലും ആദർശും കാത്തുനിൽക്കുകയായിരുന്നു. തട്ടാൻമുക്കിലെ വീടിന് മുന്നിൽ എത്തിയ ഇരുവരും വിവാഹ കാര്യം പറഞ്ഞ് കലഹിച്ചു. ഇവിടെ കാത്തുനിന്ന രാഹുൽ കാറിന്‍റെ ഡോർ തുറന്നു അകത്തു കയറി തന്‍റെ സഹോദരനെ ജീവിക്കാൻ അനുവദിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് മര്‍ദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും ചെയ്തു. തുടർന്നുള്ള ബലപ്രയോഗത്തിലാണ് മരണം സംഭവിച്ചത്. ശബ്‌ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ അഖിൽ കാറിന്‍റെ ആക്‌സിലറേറ്റർ കൂട്ടി ശബ്ദം ഉയർത്തിയെന്നും റിമാന്‍റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം രാഖിയുടെ വസ്‌ത്രങ്ങൾ അഴിച്ചുമാറ്റി മുൻകൂട്ടി പറമ്പില്‍ തയ്യാറാക്കിയ കുഴിയിൽ മറവു ചെയ്യുകയായിരുന്നു. ദുർഗന്ധം പരക്കാതിരിക്കാൻ പരൽ ഉപ്പും വിതറി. തുടർന്ന് വസ്‌ത്രങ്ങൾ കത്തിച്ചുകളഞ്ഞുവെന്ന് ആദർശ് മൊഴി നൽകി. എന്നാല്‍ മറ്റ് രണ്ടു പ്രതികളെ കൂടെ കിട്ടിയാൽ മാത്രമേ ഇവ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ 21 ന് എറണാകുളത്തേക്ക് പോകുന്നു എന്നു പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ബസിറങ്ങി ദേശീയപാതയിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം പ്രധാന പ്രതികളിലൊരാളായ രാഹുൽ ആർ നായർ പൊലീസിന് മുന്നിൽ കീഴടങ്ങി എന്ന രാഹുലിന്‍റെ അച്ഛൻ രാജപ്പൻ നായരുടെ വാദം പൊലീസ് നിഷേധിച്ചു. എന്നാല്‍ രണ്ടു പ്രതികളും നിരീക്ഷണത്തിലാണെന്നും ഇവർ സഞ്ചരിച്ചു എന്ന് കരുതുന്ന കാർ ഉൾപ്പെടെ ഏതു നിമിഷവും കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details