തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ തമിഴ്‌നാട്ടില്‍ മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസിലും പ്രതിയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍.
2014ല്‍ പ്രഭാത സവാരിക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഇതിന്‍റെ വിശദാംശങ്ങള്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് കമ്മിഷണർ വ്യക്തമാക്കി.
ചെടിച്ചെട്ടി ചോദിച്ച് കടയിലെത്തി
രാജന്‍ എന്ന പേരിലാണ് മുഖ്യപ്രതി രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്ക് കയറിയത്. കൊലപാതകം നടന്ന ഫെബ്രുവരി 6ന് ലോക്ക്‌ഡൗണ്‍ ആയിരുന്നു. ഈ ദിവസം ഇയാള്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പുറകേ കൂടിയെങ്കിലും അവര്‍ മറ്റൊരു വാഹനത്തില്‍ വേഗം കയറിപ്പോയതിനാല്‍ ഉദ്ദേശം നടന്നില്ല.
തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കടയിലെ ചെടിക്കടയിലെത്തി കൊല്ലപ്പെട്ട വിനിത മോളോട് ചെടിച്ചെട്ടി ആവശ്യപ്പെട്ടു. ഏതു തരം ചട്ടിയാണ് വേണ്ടെതെന്ന് വിനിത മോള്‍ തിരിച്ചു ചോദിച്ചതോടെ ഉത്തരം പറയാനാകാതെ പ്രതി കുഴങ്ങി. ഇതില്‍ സംശയം തോന്നിയ വിനിത ബഹളമുണ്ടാക്കി. ഉടന്‍ തന്നെ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിനിതയെ കുത്തി.
Read more: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന
മാല ഊരിയെടുത്ത് രക്ഷപ്പെട്ടു
തൊട്ടടുത്ത പടിക്കെട്ടില്‍ 10 മിനിട്ടോളം ഇരുന്ന് മരണം ഉറപ്പാക്കി. തുടര്‍ന്ന് വിനിതയുടെ കഴുത്തില്‍ക്കിടന്ന മാല ഊരിയെടുത്ത ശേഷം പുറത്തിറങ്ങി ഓട്ടോ റിക്ഷയില്‍ മുട്ടട ജങ്‌ഷനിലിറങ്ങി. കയ്യിലെ രക്തക്കറ ഓട്ടോറിക്ഷക്കാരന്‍ ശ്രദ്ധിച്ചത് കൊണ്ടാണ് ഇയാള്‍ മുട്ടടടയില്‍ ഇറങ്ങിയത്. അവിടെ ആലപ്പുറം കുളത്തിനു സമീപത്തെത്തി വസ്ത്രം മാറി.
ഉച്ചക്ക് 12.11ന് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് മെഡിക്കല്‍ കോളജിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ഉള്ളൂരില്‍ ഇറങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് നടന്നു പോയതിന് ശേഷം അവിടെ നിന്ന് ഉള്ളൂരിലേക്ക് തിരിച്ചു നടന്ന് അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിക്ക് സമീപം ഇറങ്ങി ജോലി ചെയ്യുന്ന ഹോട്ടലിലെത്തി രാത്രി തങ്ങി. പിറ്റേന്ന് പുലര്‍ച്ചെ ഇയാള്‍ താമസിക്കുന്ന തിരുനെല്‍വേലിക്കു സമീപത്തുള്ള കാവല്‍ കിണര്‍ എന്ന സ്ഥലത്തേക്കു പോയി.