തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിന് സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ആറുമാസത്തിനുള്ളില്‍ പുതിയ മുഴുവന്‍ സമയ എ.ഐ.സി.സി അധ്യക്ഷന്‍ ചുമതലയേല്‍ക്കും. അസുഖബാധിതയായതിനാല്‍ പുതിയ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് രാഹുല്‍ സ്ഥാനമൊഴിയുകയും മറ്റൊരാളെ പ്രസിഡന്‍റാക്കാമെന്നറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് എക്‌സ്‌ക്ലൂസിവ്: ആറ് മാസത്തിനുള്ളില്‍ പുതിയ കോൺഗ്രസ് അധ്യക്ഷൻ: താരിഖ് അൻവർ
അസുഖബാധിതയായതിനാല്‍ പുതിയ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
കത്തെഴുതിയ 23 നേതാക്കള്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളാണ്. ഈ നീക്കത്തെ മറ്റൊരു തരത്തിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എടുത്തിട്ടില്ല. ഇവര്‍ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി രൂപീകരിച്ച കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയില്‍ ഇവരില്‍ പലരുമുണ്ട്. 23 പേരും കോണ്‍ഗ്രസില്‍ തന്നെ ഉണ്ടാകുമെന്നും മറ്റ് ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ താരിഖ് അന്‍വര്‍ പറഞ്ഞു. വിവാദമായ കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആരംഭിക്കുന്ന പ്രക്ഷോഭം സെപ്‌റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 31 വരെ നീണ്ടു നില്‍ക്കും. കര്‍ഷകരെ വിശ്വാസത്തിലെടുക്കാതെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് വത്കരിക്കുന്ന ബില്ല് അടിമുടി കര്‍ഷക വിരുദ്ധമാണെന്ന് താരിഖ് അന്‍വര്‍ ആരോപിച്ചു.