തിരുവനന്തപുരം:അഫ്‌ഗാനിസ്ഥാന്‍ മനുഷ്യരാശിക്ക് മുമ്പില്‍ വയ്ക്കുന്നത് വലിയ പാഠമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതമൗലികവാദത്തിന്‍റെ പേരില്‍ തീ ആളിപ്പടര്‍ത്തിയാല്‍ ആ തീയില്‍ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും.
മനുഷ്യരാശി എരിഞ്ഞു തീരാതിരിക്കാനുള്ള മനുഷ്യസ്‌നേഹത്തിന്‍റെ മഹത്തായ സന്ദേശം ലോകത്തിനു പകര്‍ന്നു തന്ന മഹാനാണ് ശ്രീനാരായണ ഗുരു. ലോകത്തിന്‍റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര്‍ ചേരിതിരിഞ്ഞ് സ്പര്‍ദ്ധ മുന്‍നിര്‍ത്തി വര്‍ഗീയ-വംശീയ തലങ്ങളില്‍ പൊരുതി നശിക്കുന്നുണ്ടോ അവിടെയൊക്കെ എത്തേണ്ട പാഠമാണ് ഗുരു മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണഗുരു ജയന്തി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദൈവദശകം പ്രാർഥനയെന്ന് മുഖ്യമന്ത്രി
ഗുരുവിനെയും ഗുരുസന്ദേശങ്ങളെയും മറന്നുകൊണ്ട് നമുക്കു മുന്നോട്ടു പോകാനാവില്ല. ഈ തിരിച്ചറിവ് സര്‍ക്കാരിന്‍റെ എത്രയോ നടപടികളില്‍ കാണാം. ഗുരുവിന്‍റെ 'ജാതിയില്ലാ വിളംബര'ത്തിനു നൂറ്റഞ്ച് വര്‍ഷമാവുകയാണ്. ആ വിളംബരത്തിന്‍റെ നൂറാം വയസ് കേരളമാകെ അതി ഗംഭീരമായി സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ നാം ആഘോഷിച്ചു.
ഗുരുവിന്‍റെ 'ദൈവദശക'ത്തിന്‍റെ കാര്യത്തിലും വലിയ ആഘോഷം നാം നടത്തി. ദൈവദശകം ഒരു പ്രാര്‍ഥനയാണ്. പ്രാര്‍ഥനകള്‍ പൊതുവില്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാവും. എന്നാല്‍, ദൈവദശകം അങ്ങനെയല്ല. എല്ലാ മതക്കാര്‍ക്കും ഒരു പോലെ അംഗീകരിക്കാന്‍ കഴിയുന്ന ഉള്ളടക്കമാണ് അതിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു സമൂഹ പ്രാര്‍ത്ഥനയായി അതു മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒറീസയിലെ സ്‌തൂപക്ഷേത്ര മാതൃകയിൽ കണ്‍വെന്‍ഷന്‍ സെന്‍റര്‍
തിരുവനന്തപുരത്ത് ഗുരുവിന്‍റെ പ്രതിമ സ്ഥാപിച്ചു. കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ അത് ശ്രീനാരായണ ഗുരുവിന്‍റെ പേരിലാക്കാന്‍ രണ്ടു തവണ ആലോചിക്കേണ്ടി വന്നില്ല. ഇതിനും പുറമേയാണ് ചെമ്പഴന്തിയില്‍ തന്നെ കണ്‍വെന്‍ഷന്‍ സെന്‍റർ നിര്‍മിച്ചത്. ഒറീസയിലെ സ്‌തൂപക്ഷേത്ര മാതൃകയിലാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പണികഴിപ്പിച്ചത്.
ഗുരുവിന്‍റെ ജീവചരിത്രവും സംഭാവനകളും വ്യക്തമാക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ മ്യൂസിയം ഇവിടെ വേണമെന്ന് നിശ്ചയിച്ചത് ഗുരുവിന്‍റെ സന്ദേശത്തിന്‍റെ മൂല്യം നന്നായി അറിയുന്നതുകൊണ്ടാണ്. ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തി. അതിന്‍റെ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ സര്‍ക്കാര്‍ ശ്രീകോവിലിലേക്കു പൂജയ്ക്കായി ജാതിഭേദം നോക്കാതെ മനുഷ്യരെ കയറ്റി. ഗുരുവിന്‍റെ സന്ദേശം മുന്നോട്ടുകൊണ്ടുപോവുന്ന സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
READ MORE:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു