തിരുവനന്തപുരം : ലൈഫ് പദ്ധതിക്കായി ഭൂമി വിട്ട് നല്‍കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മനസോടെ ഇത്തിരി ഭൂമിയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാവുകയായിരുന്നു വിഖ്യാത സംവിധായകന്‍. പത്തനംതിട്ട അടൂര്‍ ഏറത്ത് പഞ്ചായത്തിൽ കുടുംബ സ്വത്തായി ലഭിച്ച പതിമൂന്നര സെന്‍റ് ഭൂമി ഭവന രഹിതര്‍ക്ക് വീടുവച്ചു നല്‍കുന്നതിനായാണ് അദ്ദേഹം നല്‍കിയത്.
ഭൂരഹിതരും ഭവന രഹിതരുമായവര്‍ക്ക് വീടുവച്ചു നല്‍കുകയാണ് മനസോടെ ഇത്തിരി ഭൂമിയെന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതും നടപ്പാക്കുന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കായി സൗജന്യമായി ഭൂമി കൈമാറാന്‍ സന്നദ്ധരായവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.
സര്‍ക്കാരിന്‍റെ ഈ ആഹ്വാനമാണ് അടൂര്‍ ഏറ്റെടുത്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനെയാണ് അടൂര്‍ ഭൂമി കൈമാറ്റ സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് മന്ത്രി വീട്ടിലെത്തി സംവിധായകനുമായി ചര്‍ച്ച നടത്തി. രേഖകള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചു.