തിരുവനന്തപുരം : എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയതായി വരുത്തി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതുകൊണ്ടൊന്നും പ്രതിപക്ഷം ഉയര്‍ത്തിയ വിഷയങ്ങള്‍ ഇല്ലാതാകില്ല. മറുപടി ലഭിക്കുന്നതുവരെ ചോദിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്‍റര്‍ ആക്രമിച്ചത് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സംഭവം എന്താണെന്നുപോലും അറിയുന്നതിനുമുന്‍പ് ചെയ്‌തത് കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് എങ്ങനെ അറിവുകിട്ടി. അഞ്ച് മിനിറ്റിനുള്ളില്‍ ജയരാജന്‍ അവിടെയെത്തിയതെങ്ങനെ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ സംസാരിക്കുന്നു ആരോപണത്തിന്‍റെ അടിസ്ഥാനമെന്ത് ? :സംഭവം നടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പേ ജയരാജന്‍ അവിടെ നിന്ന് പുറപ്പെട്ടോ. എന്ത് ചെയ്‌താലും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്തിനാണ്. ബോംബേറില്‍ ഓഫിസ് കുലുങ്ങിയെന്ന് അവിടെയുണ്ടായിരുന്ന പി.കെ ശ്രീമതി നടത്തിയ പ്രസ്‌താവന യഥാര്‍ഥത്തില്‍ കലാപ ആഹ്വാനമാണ്.
ഇതുകേട്ടാല്‍ കോണ്‍ഗ്രസ് ഓഫിസില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ അയച്ചതാണെന്നുതോന്നും. കോണ്‍ഗ്രസ് പ്രതിസ്ഥാനത്താണെന്ന് സിപിഎം ആരോപിച്ച സംഭവങ്ങളിലെല്ലാം വാദി പ്രതിയായിട്ടുണ്ട്. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ പരിഭ്രാന്തിയില്‍ നിന്ന് ഉണ്ടായതാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
Also read: 'കള്ളന്‍ കപ്പലില്‍ തന്നെ, അറിയേണ്ടത് കപ്പിത്താനാരെന്ന്'; എകെജി സെന്‍റർ ആക്രമണത്തില്‍ കെ.കെ രമ
കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച ശേഷം ഗാന്ധി ചിത്രം നിലത്തിട്ട് ചവിട്ടിയത് കോണ്‍ഗ്രസാണെന്ന് ആദ്യം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി മനോജ് എബ്രഹാം പുറപ്പെടുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഇതുപറഞ്ഞാല്‍ അദ്ദേഹത്തിന് മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കാനാകുമോ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തളളിവിടുന്നതിന്‍റെ ചിത്രം തങ്ങളുടെ പക്കലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.