തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. മഴയാണ് റോഡ് പണിക്ക് തടസമെന്നത് ജനം അറിയേണ്ടതില്ല. അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.
നികുതി അടക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. മോശം റോഡുകളില്‍ വീണ് മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും നടന്‍ ചോദിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ നടന്‍റെ വിമര്‍ശനം.
Also read: പരാതികൾ നേരിട്ട് അറിയിക്കാം, പൊതുമരാമത്ത് റോഡുകളുടെ ഡിഎപി വെബ്സൈറ്റിൽ
അതേസമയം, റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താത്തതിന്‍റെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണെന്നായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ വിശദീകരണം. റോഡ് പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അക്കാര്യം കരാറുകാര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
പരിപാലന കാലാവധിയുള്ള (DLP - Defect Liability Period) റോഡുകളുടെ കരാറുകാരുടെ പേര്, പരിപാലന കാലാവധി, കരാറുകാരൻ്റെ ഫോൺ നമ്പർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെ ഫോൺ നമ്പർ എന്നിവയാണ് പ്രദർശിപ്പിക്കുക. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നേരിട്ട് കരാറുകാരനെ വിവരമറിയിച്ച് റോഡിൻ്റെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്.