തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുമെന്ന് പരക്കെ പ്രതീക്ഷപ്പെട്ടിരുന്ന ഹോം സിനിമ പൂര്‍ണമായി ഒഴിവാക്കപ്പെട്ടതിനുപിന്നാലെ ജൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്. ജൂറി ആ സിനിമ കണ്ടിട്ടുണ്ടാകില്ലെന്നും ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും ഇന്ദ്രൻസ് പറഞ്ഞു.
ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പക്ഷേ അവാര്‍ഡ് നിര്‍ണയ സമിതിയുടെ തീരുമാനം വന്നപ്പോള്‍ ഹോം സിനിമ എല്ലാ മേഖലകളില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കില്‍ ജൂറി ആ സിനിമ കണ്ടിട്ടുണ്ടാകില്ല. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവര്‍ക്ക് ഒന്നും പറയാനുണ്ടാകില്ല - ഇന്ദ്രന്‍സ് പരിഹസിച്ചു.
ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ല. കുറ്റവാളി പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ എല്ലാവരെയും വിളിച്ച് സിനിമ വീണ്ടും കാണുമോ. കലാകാരന്‍മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നത് - ഇന്ദ്രൻസ് പറഞ്ഞു.
സിനിമ ജൂറി കണ്ടുകാണില്ലെന്നുറപ്പാണ്. അല്ലെങ്കില്‍ അവര്‍ പ്രതികരിക്കുമായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം രണ്ട് പേര്‍ക്ക് കൊടുത്തില്ലേ. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ഹൃദയത്തിന് കൊടുത്തില്ലേ. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവയ്ക്കാമായിരുന്നു. എന്‍റെ കുടുംബം തകര്‍ത്തുകളഞ്ഞതില്‍ സങ്കടമുണ്ട് - ഇന്ദ്രന്‍സ് കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ ഹോം സിനിമയെ പരിഗണിക്കാത്തതിൽ ജൂറിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സിനിമയുടെ നിര്‍മ്മാതാവായ വിജയ് ബാബു ലൈംഗികപീഡന കേസില്‍പ്പെട്ടതിന്‍റെ പേരില്‍ ഒരു മികച്ച ചിത്രത്തെ ജൂറി ഒഴിവാക്കിയത് തെറ്റാണെന്ന ആരോപണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.