കേരളം

kerala

ETV Bharat / city

18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി

ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വാക്‌സിന്‍  ആദ്യ ഡോസ് വാക്‌സിന്‍  വാക്‌സിനേഷൻ  vaccine  വീണാ ജോര്‍ജ്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  വാക്‌സിനേഷന്‍ യജ്ഞം  കൊവിഡ്  Covid
18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം

By

Published : Sep 3, 2021, 4:16 PM IST

തിരുവനന്തപുരം : കേരളത്തിൽ 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായത് എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് നല്‍കിയത്. ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

വിടാതെ വാക്‌സിൻ ക്ഷാമം

എന്നാൽ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളില്‍ വാക്‌സിൻ ക്ഷാമമുണ്ട്. അതിനാൽ വാക്‌സിനേഷന്‍ പ്രക്രിയ സുഗമമായി നടത്താന്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

2021 ജനുവരി 16നാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം 1.95 കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അനുബന്ധ ക്യാമ്പയിനുകളും സംഘടിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കി.

ALSO READ:വഴങ്ങാതെ ഉമ്മൻ ചാണ്ടിയും രമേശും, അനുനയത്തില്‍ കരുതലോടെ ഹൈക്കമാൻഡ് പക്ഷം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും ഇതിനകം നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 47 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details