തിരുവനന്തപുരം :മാർച്ച് അവസാനത്തോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് 1260 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്ന് കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക്. നാല് ചക്ര വാഹനങ്ങൾക്ക് 62 ചാർജിങ് സ്റ്റേഷനുകളും, മൂന്ന്, രണ്ട് ചക്ര വാഹനങ്ങൾക്ക് 1150 ചാർജിങ് സ്റ്റേഷനുകളുമാണ് സംസ്ഥാനത്താകെ ലഭ്യമാക്കുക.
നിലവിൽ 11 ചാർജിങ് സ്റ്റേഷനുകൾ കമ്മിഷൻ ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഇ- വെഹിക്കിൾ പോളിസിയുടെ ഭാഗമായി വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെ നിയോഗിച്ചിട്ടുണ്ടെന്നും ബി.അശോക് അറിയിച്ചു.
ഇതോടൊപ്പം കെഎസ്ഇബിയുടെ 65ാം വാർഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും. കെ.എസ്.ഇ.ബിയുടെ സ്ഥാപക ദിനമായ മാർച്ച് 7 ന് കനകക്കുന്നിൽ നടക്കുന്ന 'എർത്ത് ഡ്രൈവ് കെ.എസ്.ഇ.ബി @65' ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇലക്ട്രിക് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.