പാലക്കാട്: മാർച്ച് മൂന്നിന് ലോക വന്യജീവി ദിനം ആചരിക്കുമ്പോൾ പാലക്കാട് ജില്ലയില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലെത്തുന്നത് ഭീതി പടർത്തുകയാണ്. പുലി, കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളാണ് നാട്ടിലിറങ്ങുന്നത്. വനംവകുപ്പ് പ്രതിരോധ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ കാടിറക്കം നാൾക്കുനാൾ വർധിക്കുന്നു.
ജനുവരി 9ന് അകത്തേത്തറ ഉമ്മിനി പപ്പാടിയിൽ ജനവാസമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒരാഴ്‌ചയിൽ താഴെ പ്രായമുള്ള രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നിരവധിയിടങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായി. മലമ്പുഴ, ധോണി, അകത്തേത്തറ, മുണ്ടൂർ പ്രദേശങ്ങളിൽ രണ്ടുമാസത്തിനിടെ 25ലേറെ വളർത്തുമൃഗങ്ങളെ പുലി കൊന്നു.
മണ്ണാർക്കാട് മൈലാംപാടം, മുണ്ടൂർ, മലമ്പുഴ, ആനക്കല്ല്, വാളയാർ, കഞ്ചിക്കോട്, നെല്ലിയാമ്പതി, കൊല്ലങ്കോട് എന്നിവിടങ്ങളിലും പുലി സാന്നിധ്യമുണ്ട്. ധോണിയിൽ കഴിഞ്ഞ മാസം വെള്ളച്ചാട്ടത്തിന് മുകളിൽ രണ്ടു കടുവകളുടെ സാന്നിധ്യം വനപാലകർ സ്ഥിരീകരിച്ചിരുന്നു. ഇവ ജനവാസമേഖലയിലെത്തിയില്ല.