പാലക്കാട്:വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്. ബസ് ഓടിച്ചിരുന്ന എറണാകുളം പെരുമ്പടവം അന്തിയാൽ സ്വദേശി ജോജോ പത്രോസിന്‍റെ (ജോമോൻ-48) അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. ഇയാളെ അപകട സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
നരഹത്യ, ഗുരുതരവും സാരവുമായ പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ആദ്യം മനഃപൂർവമല്ലാത്ത നരഹത്യക്കായിരുന്നു കേസ്. ഇയാളെ വ്യാഴാഴ്‌ച(ഒക്‌ടോബര്‍ 6) രാത്രി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ അശോക് പറഞ്ഞു.
വാഹനത്തിൽ 42 കുട്ടികളുണ്ടെന്ന് അറിയാമായിരുന്നിട്ടും അമിതവേഗത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് 304-ാം(നരഹത്യ) വകുപ്പുകൂടി ജോജോയ്ക്ക് എതിരെ ചുമത്തിയത്. ബുധനാഴ്‌ച രാത്രി ജോജോ ഓടിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് അഞ്ച് വിദ്യാർഥികളുൾപ്പെടെ ഒമ്പതുപേർ മരിച്ചിരുന്നു.
അപകടശേഷം ഒളിവിൽ പോയ ഇയാളെ കൊല്ലം ചവറയിൽ നിന്നാണ് വ്യാഴാഴ്‌ച വൈകിട്ട് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷക്കായി വക്കീലിനെ കാണാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വക്കീലിനെ കണ്ടശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ഉദ്ദേശം.
അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്ന് പ്രാഥമിക കണ്ടെത്തൽ. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം അപകടത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുക്കും. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.