പാലക്കാട് :പ്രധാനമന്ത്രിനരേന്ദ്രമോദി ആദിവാസി വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയെ കണ്ടെത്തുമ്പോൾ പിണറായി വിജയൻ ആ സമൂഹത്തിനും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടി എന്താണ് ചെയ്യുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വന്തം കുഞ്ഞിന്‍റെ മൃതദേഹവുമായി കിലോമീറ്ററുകൾ നടക്കേണ്ടി വന്ന അട്ടപ്പാടിയിലെ പിതാവിനെ പിണറായി വിജയൻ കണ്ടില്ലേയെന്ന് വി മുരളീധരൻ ചോദിച്ചു. ഊരിലേക്ക് റോഡില്ലാത്തതിനാലാണ് ഈ ദുരവസ്ഥ ഉണ്ടായതെന്നും കേന്ദ്രസഹമന്ത്രി ആരോപിച്ചു.
ഉത്തരേന്ത്യയിലേക്ക് നോക്കിനിൽക്കുന്ന മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ ഊരുകളിലേക്ക് നോക്കട്ടെയെന്നും ബിജെപിയുടെ സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യവേ കേന്ദ്രമന്ത്രി പറഞ്ഞു. എസ് ജയ്‌ശങ്കറിന്‍റെ സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രിയേയും പ്രസംഗത്തിൽ വി മുരളീധരന്‍ കടന്നാക്രമിച്ചു. കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടോ എന്നറിയാൻ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഇനിയും ഉണ്ടാകും.
'അല്‍പത്തരം പറയുന്നു' :അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രമന്ത്രിമാരുടെ ഇടപെടലുകൾ. കേരളത്തിലെ ജനങ്ങളെ വികസനാധിഷ്‌ഠിത-അഴിമതിമുക്ത ഭരണത്തിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തുകയാണ് വിവാദങ്ങളുണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും വി മുരളീധരൻ ആരോപിച്ചു. നിരവധി സംസ്ഥാന സർക്കാരുകള്‍ വിവിധ ദേശീയപാതകളുടെ വികസനത്തിന് സ്ഥലമേറ്റെടുക്കലിനായി കേന്ദ്രത്തെ പിന്തുണയ്ക്കുന്നുണ്ട്.