പാലക്കാട്: അട്ടപ്പാടിയിലെ ഷോളയൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഷോളയാര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആട് മേയ്ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്.
മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം മുഖവും ശരീരവും പുഴുവരിച്ച നിലയിലാണുള്ളത്. അടുത്തുള്ള ഊരുകളിലൊന്നും ആരേയും കാണാതായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീട്ടിക്കുണ്ട് ഭാഗത്ത് നിരവധി ഫാമുകൾ ഉണ്ടെന്നും അവിടെ നിരവധി അതിഥി തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.