പാലക്കാട്: സംസ്ഥാന വനം-വന്യജീവി വകുപ്പിന്‍റെ ഉപദേശക സമിതി അംഗമായി അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി യുവാവ്. അഗളി സ്വദേശിയായ മുരുകേശ് ചെറുന്നാലിയെയാണ് ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുത്തത്. മുപ്പത്തൊന്നംഗ സമിതിയിലാണ് മുരുകേശ് ഇടം നേടിയത്.
മുഖ്യമന്ത്രി ചെയർമാനും വനം വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ സമിതിയിൽ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ എന്നിവയുടെ ഡയറക്‌ടർമാർ, ചിറയിൻകീഴ് എംഎൽഎ വി ശശി, പൂഞ്ഞാർ നിയോജകമണ്ഡലം പ്രതിനിധി സെബാസ്റ്റ്യൻ കുളത്തുങ്കൽ, മലമ്പുഴയിൽ നിന്നുള്ള നിയമസഭാംഗം എ പ്രഭാകരൻ എന്നിവരും സമിതിയിലുണ്ട്.