പാലക്കാട്: കേന്ദ്ര സർക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് മൂന്ന് മിനി ഫുഡ് പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്ക് പ്രവർത്തനം വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. കേന്ദ്ര സർക്കാർ സഹകരണത്തോടെ രണ്ട് മെഗാ ഫുഡ് പാർക്കുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്.
കഞ്ചിക്കോട് സ്ഥലം അനുവദിച്ചു. ഇവിടെ 12 യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. ചേർത്തലയിലെ ഫുഡ് പാർക്ക് ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. കൂടുതൽ അപേക്ഷകൾ വ്യവസായ വകുപ്പിന് മുന്നിൽ വരുന്നതിനാൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് മൂന്ന് മിനിഫുഡ് പാർക്കുകൾ കൂടി നിർമിക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Also read: ETV Bharat impact; പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നു
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകാൻ അട്ടപ്പാടിയിൽ ഒരു ഫുഡ് പാർക്കിന്‍റെ കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കിൻഫ്ര ഫുഡ് പാർക്കിലേക്കുള്ള റോഡിന്‍റെ ശോച്യാവസ്ഥയും വൈദ്യുതി പ്രതിസന്ധിയും പാർക്കിലെ സംരംഭകരുടെ പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് , കിൻഫ്ര സെൻട്രൽ സോൺ മാനേജർ ടി.ബി അമ്പിളി, തഹസിൽദാർ ജി രേഖ, ഡപ്യൂട്ടി കലക്‌ടർ രവീന്ദ്രനാഥ പണിക്കർ, കിൻഫ്ര മനേജർ മുരളീകൃഷ്‌ണന്‍, രാധാകൃഷ്‌ണന്‍ എന്നിവരും മന്ത്രിയോടൊപ്പം കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്ക് സന്ദര്‍ശിച്ചു.