പാലക്കാട് :കാമ്പ്രത്ത് ചള്ളയിലെ പെട്രോൾ പമ്പിൽ കവര്‍ച്ച. ഓഫിസിലെ അലമാരയിൽ സൂക്ഷിച്ച 87,165 രൂപയാണ് മോഷണം പോയത്. വ്യാഴാഴ്‌ച പുലർച്ചെ 2.15നാണ് സംഭവം.
ഓഫിസിന്‍റെ വാതില്‍ പൂട്ട് തകർത്താണ് മോഷ്‌ടാവ് അകത്തുകടന്നത്. മഴക്കോട്ട് ധരിച്ച രണ്ടുപേര്‍ പമ്പിലേക്ക് നടന്നുവരുന്നതായി ഇവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം കഴിഞ്ഞ് തിരികെ പോകുമ്പോൾ ക്യാമറ തിരിച്ച് ദിശ മാറ്റിയിട്ടുണ്ട്.
Also read: Video | ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി, കവര്‍ന്നത് 3 ലക്ഷത്തിന്‍റെ ഫോണുകള്‍; 'മുഖംമൂടി കള്ളനാ'യി തെരച്ചില്‍
ബുധനാഴ്‌ച രാത്രി 9.30നാണ് ജീവനക്കാർ പമ്പ് അടച്ചത്. രാവിലെ 6.30ന് പമ്പ് തുറക്കാൻ എത്തിയ ജീവനക്കാർ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടു. മാനേജരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടപ്പെട്ട വിവരമറിയുന്നത്.
കൊല്ലങ്കോട് പൊലീസിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.