പാലക്കാട്: നാടുമുഴുവൻ റോഡ് നവീകരണ പ്രവർത്തനോൽഘാടനങ്ങള്‍ നടക്കുമ്പോഴും വർഷങ്ങളായി നവീകരണവും കാത്ത് കിടക്കുന്ന ഒരു റോഡുണ്ട് പാലക്കാട് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ. കള്ളാടിപറ്റ പ്രദേശത്ത് നിന്നും ചൂരക്കോട് ജുമാ മസ്ജിദിലേക് പോകുന്ന ഗ്രാമീണ പാതയാണ് തകർന്ന് കിടക്കുന്നത്. കാലനടയാത്രപോലും ദുസഹമാക്കുന്ന തരത്തിലാണിവിടെ റോഡ് തകർന്നിരിക്കുന്നത്.
തകര്‍ന്ന കള്ളാടിപറ്റ ചൂരക്കോട് റോഡ് നവീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം - കള്ളാടിപ്പാറ ചൂരക്കോട് റോഡ്
റോഡ് നവീകരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി എങ്കിലും നവീകരണ പ്രവർത്തനം നടന്നില്ലെന്നും ആക്ഷേപമുണ്ട്.
മഴയും ശക്തമായതോടെ ഇതിലൂടെ ദുരിതയാത്ര നടത്തുകയാണ് പ്രദേശത്തുകാർ. രണ്ട് കിലോമീറ്ററോളം വരുന്ന റോഡിന്‍റെ മുക്കാൽ ഭാഗവും ഇതുപോലെയാണ്. ഇരു വശങ്ങളും പൊട്ടിപോയി നടവിലൂടെ കുറച്ചുമാത്രമാണ് റോഡുള്ളത്. അരികുകളിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. രണ്ടു വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാൻ പോലും പറ്റില്ല.
റോഡ് നവീകരിക്കാൻ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 10ലക്ഷം രൂപ വകയിരുത്തിയെങ്കിലും കുറച്ചു ഭാഗത്ത് കട്ട വിരിച്ചതല്ലാതെ ഒന്നും ചെയ്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രദേശത്തെ മുന്നോറോളം കുടുംബങ്ങളും വടക്കേക്കര അംഗൻവാടിയിലേക്ക് എത്തുന്നവരും പള്ളിയിൽ പോകുന്നവരും ദിവസേന ആശ്രയിക്കുന്ന വഴിയുടെ ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരഞ്ഞെടുപ്പിന് മുമ്പ് റോഡ് നവീകരിക്കാത്തപക്ഷം ആരും വോട്ട് ചോദിച്ച് ഈ പ്രദേശത്തേക്ക് വരേണ്ട എന്നാണ് നാട്ടുകാരുടെ അഭിപ്രായം.