പാലക്കാട്:ബന്ധുക്കളുടെ ക്രൂരതയില്‍ ആടുകള്‍ക്കൊപ്പം ജീവിച്ച വൃദ്ധനെ മോചിപ്പിച്ചു. തൃത്താലയിൽ മേഴത്തൂർ ഓട്ടിരി പള്ളിയാലിൽ 93 വയസുകാരനായ കോതയാണ് ആട്ടിൻകൂട്ടിൽ ജീവിച്ചു പോന്നിരുന്നത്. മക്കൾ ഇല്ലാത്ത കോതയുടെ ഭാര്യ മരിച്ച ശേഷമാണ് ഈ ആടുജീവിതം തുടങ്ങിയത്. തൊട്ടടുത്തുള്ള അനുജന്‍റെ കുടുംബമാണ് കോതയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്നത്. വാർധക്യ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും തുക കോതക്ക് ലഭിച്ചിരുന്നില്ലെന്നും പറയപ്പെടുന്നുണ്ട്. സഹോദരന്‍റെ മകളാണ് കോതയെ സംരക്ഷിച്ചിരുന്നത്. കോതയുടെ പഴയ വീട് ഇപ്പോൾ ഇവർ ആടിനെ കെട്ടാനും മറ്റുമായി ഉപയോഗിച്ചു വരുകയാണ്. ഇവിടെയാണ് ആടുകൾക്കൊപ്പം കോതയെയും കിടത്തിയിരുന്നത്.
'ആട് ജീവിത'ത്തില്‍ നിന്ന് വൃദ്ധന് മോചനം - പാലക്കാട് വാര്‍ത്തകള്‍
തൃത്താലയില്‍ ആടുകള്‍ക്കൊപ്പം താമസിച്ചിരുന്ന വൃദ്ധനെ ആരോഗ്യവകുപ്പും സാമൂഹ്യനീതി വകുപ്പും പൊലീസും ചേർന്ന് മോചിപ്പിച്ചു. ബന്ധുക്കളാണ് വയോധികനെ ദുഷ്കരമായ ജീവിതത്തിലേക്ക് തള്ളിവിട്ടത്.
നടക്കാൻ പറ്റാതെ അവശനായ കോത രാവിലെ ആട്ടിൻകൂട്ടിൽ നിന്നും ഏറെ ക്ലേശിച്ചാണ് റോഡിൽ എത്തുന്നത്. പരിചയക്കാരും വഴിയാത്രക്കാരുമായ ചിലർ കോതക്ക് ഭക്ഷണവും പണവും നൽകും. അവർ നൽകുന്ന ഭക്ഷണമാണ് കോതയുടെ വിശപ്പകറ്റുന്നത്. വയോധികന്‍റെ സ്ഥിതി അറിഞ്ഞ് തിങ്കളാഴ്ച രാവിലെ തൃത്താല സര്‍ക്കാര്‍ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടറും ജീവനക്കാരും എത്തിയെങ്കിലും സഹോദരന്‍റെ മകളും ഭർത്താവും കോതയെ കാണാൻ അനുവദിച്ചില്ല. ഉച്ചയോടെ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, തൃത്താല ജനമൈത്രി പൊലീസും കോതയുടെ വീട്ടിൽ എത്തുകയായിരുന്നു. ഉദ്യോഗസ്ഥർ കൊണ്ടുവന്ന പഴവും മറ്റും കോതക്ക് നൽകി.
കണ്ണീരോടെ ഭക്ഷണം കഴിക്കുന്ന കോതയുടെ ചിത്രം കണ്ടു നിന്നവരെപ്പോലും വേദനിപ്പിച്ചു. തുടർന്ന് കോതയെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂറ്റനാട് പ്രതീക്ഷ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. ഉടുക്കാൻ വസ്ത്രങ്ങളും കഴിക്കാൻ ഭക്ഷണവും ലഭിച്ച വയോധികൻ ഇരുണ്ട ജീവിതത്തിൽ നിന്നും മോചിതനായി യാത്ര പറയുമ്പോൾ ഏറെ സന്തോഷവാനായിരുന്നു. തന്നെ രക്ഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് കൈകൂപ്പി നന്ദി പറഞ്ഞു കൊണ്ടാണ് കോത പുതിയ പ്രതീക്ഷയുമായി യാത്ര തിരിച്ചത്.