പാലക്കാട്: ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായ പാലക്കാട് ജില്ലയില്‍ 2008 ലെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ രൂപീകൃതമായ മണ്ഡലമാണ് ഷൊര്‍ണൂര്‍. മണ്ഡല രൂപീകരണത്തിന് ശേഷം 2011ലും 2016ലും നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളാണ് മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയത്. 2011ല്‍ സിപിഎം നേതാവ് കെ.എസ് സലീഖയും 2016ല്‍ പി.കെ ശശിയും ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ഡിവൈഎഫ്ഐ നേതാവിന്‍റെ പീഡന പരാതിയടക്കമുള്ള പ്രശ്‌നങ്ങള്‍ വ്യാപകമായി ചര്‍ച്ചയായ സാഹചര്യത്തില്‍ പി.കെ ശശിക്ക് പാര്‍ട്ടി ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. പകരം മുതിർന്ന സിപിഎം നേതാവ് പി. മമ്മിക്കുട്ടിയാണ് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി. യുഡിഎഫില്‍ നിന്ന് ടി.എച്ച്. ഫിറോസ് ബാബുവും എൻഡിഎയില്‍ നിന്ന് സന്ദീപ് വാര്യരുമാണ് മത്സരരംഗത്തുള്ളത്.
2011 നിയമസഭ തെരഞ്ഞെടുപ്പ്
മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ് സലീഖയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. മറുവശത്തും വനിതാ സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസിലെ ശാന്താ ജയറാം യുഡിഎഫ് സ്ഥാനാര്‍ഥിയായി. 73.39 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 13,493 വോട്ടുകള്‍ക്കാണ് കെ.എസ് സലീഖ വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടിലെ 49.57 ശതമാനം അടങ്ങുന്ന് 59,616 വോട്ടുകളാണ് സലീഖ സ്വന്തമാക്കിയത്. 46,123 വോട്ടുകള്‍ പിടിച്ച ശാന്ത ജയറാമിന് 38.35 പേരുടെ പിന്തുണയുണ്ടായിരുന്നു. 8.78 ശതമാനം വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി വി.ബി മുരളീധരൻ മൂന്നാമതെത്തി. 10,562 വോട്ടുകളാണ് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്.