കേരളം

kerala

ETV Bharat / city

ആ കാര്‍ എനിക്ക് വേണ്ട; നിലപാട് അറിയിച്ച് രമ്യ ഹരിദാസ് - മുല്ലപ്പള്ളി

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം കമ്മറ്റി ഇന്ന്. കാര്‍ വാങ്ങുന്നതില്‍ ഉറച്ച് നില്‍ക്കാന്‍ സാധ്യത.

ആ കാര്‍ എനിക്ക് വേണ്ട; നിലപാട് അറിയിച്ച് രമ്യ ഹരിദാസ്

By

Published : Jul 22, 2019, 2:33 AM IST

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് കാര്‍ വാങ്ങിത്തരേണ്ടതില്ലെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാക്കുകള്‍ അനുസരിക്കുമെന്നും രമ്യ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രമ്യയുടെ പ്രതികരണം.

തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഈ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. ഒപ്പമുള്ളൊരാള്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്കായി ജീവന്‍ പണയം വച്ച് സമരം ചെയ്യുകയാണ്. മുഴുവന്‍ ശ്രദ്ധയും സമരത്തിന് നല്‍കണം. പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് തന്‍റെ വ്രതവും ശപഥവുമാണെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. മദര്‍ തെരേസയുടെ ചിത്രവും കുറിപ്പിനൊപ്പം രമ്യ പങ്കു വച്ചു.

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ ലോക്സഭാ മണ്ഡലം കമ്മറ്റിയാണ് തീരുമാനമെടുത്തത്. പിരിവ് നടത്താന്‍ 1000 രൂപയുടെ രസീത് കൂപ്പണുകളും അടിച്ച് വിതരണം നടത്തി. വിഷയത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. രമ്യയുടെ സ്ഥാനത്ത് താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ലെന്നും എംപിമാര്‍ക്ക് വാഹന വായ്പ ലഭിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നടപടിയെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ വന്നിരുന്നു.

വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം കമ്മറ്റി ഇന്ന് ചേരും. പിരിവ് ഒഴിവാക്കാന്‍ തീരുമാനമെടുത്തേക്കുമെങ്കിലും കാര്‍ വാങ്ങുന്നതില്‍ ഉറച്ച് നില്‍ക്കാനാണ് സാധ്യത. രമ്യക്ക് വാഹനം വാങ്ങി നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ നിലപാട്. സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ രമ്യക്ക് ലോണ്‍ ലഭിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ രമ്യക്കുണ്ടായിരുന്ന എഴ് ലക്ഷം രൂപയുടെ ബാധ്യത തീര്‍ത്തതും യൂത്ത് കോണ്‍ഗ്രസാണ്.

രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എന്നെ ഞാനാക്കിയ എന്‍റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്‍റെ അവസാന ശ്വാസം.

ഞാൻ KPCC പ്രസിഡണ്ടിന്‍റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു.

എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്‍റെ സഹോദരങ്ങൾക്ക് ഒരു പക്ഷേ എന്‍റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല.

നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം.

ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും അശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്‍റെ ഇടങ്ങളിൽ ആണ്.

അവിടെ എന്‍റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്‍റെ വ്രതവും ശപഥവുമാണ്.

ABOUT THE AUTHOR

...view details