പാലക്കാട്: പുതുക്കോട് സർവജനസ്കൂൾ പുത്തൻ പ്രതീക്ഷകളുടെ വഴിയിലാണ്. കാലപ്പഴക്കം ചെന്ന് തകർന്നുവീഴാറായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വീർപ്പുമുട്ടിച്ചിരുന്ന കാലത്തു നിന്നും ആധുനിക സൗകര്യങ്ങളോടെ ഹൈടെക് സ്കൂളിലേക്കുള്ള പ്രയാണത്തിന്‍റെ ആദ്യത്തെ ചുവടുവെപ്പായി ബജറ്റിൽ പ്രഖ്യാപിച്ചത് 10 കോടി. കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതടക്കമുള്ള സ്കൂളിന്‍റെ സമഗ്ര വികസനത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.
പുതുക്കോട് സർവജനസ്കൂൾ ഹൈടെക്ക് ആകുന്നു - hightech schools in kerala
ആധുനിക സൗകര്യങ്ങളോടെ ഹൈടെക്ക് സ്കൂളാക്കി മാറ്റുന്നതിന് 10 കോടി രൂപ സർക്കാർ അനുവദിച്ചു.

ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ സുവർണകാലത്ത് 1946 ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. മേഖലയിലെ തന്നെ പ്രധാന വിദ്യാകേന്ദ്രമെന്ന നിലയിലേക്ക് പടിപടിയായി ഉയർന്ന വിദ്യാലയത്തിൽ 15 കൊല്ലം മുമ്പുവരെ രണ്ട് ഷിഫ്റ്റിലായി മൂവായിരത്തോളം കുട്ടികളുായിരുന്നു. പിന്നീട് പല കാരണങ്ങൾ മൂലം വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ 920 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. മാനേജ്മെന്‍റ് തലത്തിലുള്ള ചില അവകാശത്തർക്കങ്ങൾ കാരണം വികസനം പിന്നോട്ടടിക്കുകയായിരുന്നു. അധികാരത്തർക്കങ്ങൾക്കിടയിൽ സ്കൂൾ സർക്കാർഏറ്റെടുത്തു. പുതിയ കെട്ടിടവും സൗകര്യങ്ങളും എത്തുന്നതോടെ സ്കൂളിന്‍റെ പകുതിപ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് പ്രിൻസിപ്പൾ എ. കൃഷ്ണകുമാരി പറഞ്ഞു.