പാലക്കാട്: സൈലൻ്റ് വാലിയിൽ കാണാതായ വാച്ചര്‍ രാജനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. പൊലീസിന്റെ രണ്ട് സംഘങ്ങള്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവാണ് നിര്‍ത്തിയത്. രാജന്റെ തിരോധനത്തിലേക്ക് സൂചന നല്കുന്ന ഒന്നും പൊലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അഗളി എസ്ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം സൈരന്ധ്രി വനത്തിലും തണ്ടര്‍ബോള്‍ട്ടിൻ്റെ ഒരു സംഘം കെ.പി എസ്റ്റേറ്റ് വഴി മണ്ണാര്‍ക്കാട് തത്തേങ്ങലത്തുമാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെ രാജന്റെ ഭാര്യ പുഷ്പലത ഞായറാഴ്ച അഗളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാജനുമായി മൂന്നര വര്‍ഷമായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
ഭാര്യയുമായി രാജന് തമിഴ്നാട്ടിലേക്ക് കടന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഭാര്യയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഇവരെ നേരിട്ട് വിളിച്ചുവരുത്തിയത്.
തെളിവൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ രണ്ടാഴ്ച നീണ്ട തിരച്ചിലും ഉപേക്ഷിച്ചിരുന്നു. ലുക്ക്ഔട്ട് നോട്ടിസ് അടക്കം ഇറക്കി തമിഴ്നാട്ടില്‍ ഉള്‍പ്പടെ തിരോധാനക്കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല.