പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിൽ ഗ്രീൻ എനർജി ഹബ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചായിരിക്കും ഹബിന്‍റെ പ്രവര്‍ത്തനം. എനര്‍ജി ഹബ് എന്ന ആശയം കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം 11ന് ഡാം ഐബിയില്‍ നടക്കും.
സൂര്യൻ, കാറ്റ്, ജലം എന്നിവ ഉപയോഗപ്പെടുത്തിയാണ് ഗ്രീൻ എനർജി ഹബില്‍ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. സൂര്യപ്രകാശത്തിൽ നിന്ന് സോളാർ പാനൽ വഴിയും കാറ്റിൽ നിന്ന് കാറ്റാടിയന്ത്രം വഴിയും ജലത്തിൽ നിന്ന് ചെറുകിട ജലസേചന പദ്ധതി വഴിയും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് എംഎല്‍എ കെ ശാന്തകുമാരി പറഞ്ഞു.
കാഞ്ഞിരപ്പുഴയിൽ ജലവൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവയുടെ സാധ്യത കണക്കിലെടുത്ത് സർക്കാരിന് അധികൃതർ കത്ത് നൽകിയിട്ടുണ്ട്. ഇതിന് പുറമേ ആറ്റില വെള്ളച്ചാട്ടം, വട്ടപ്പാറ വെള്ളച്ചാട്ടം എന്നിവയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ചും സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി.