പാലക്കാട്:ചിറ്റൂർ നഗരസഭ കെട്ടിടത്തിന്‍റെ പിന്നിലുള്ള വിജനമായ വഴിയിലൂടെ സഞ്ചരിച്ചാൽ ചെന്നെത്തുക ചുറ്റും കാടു വളർന്ന് നിൽക്കുന്ന നാലു മുറി കെട്ടിടത്തിനു മുന്നിലാണ്. ആളും അനക്കവുമില്ലാതെ മാറല പിടിച്ച ഭിത്തികളും അടർന്ന് വീണിരിക്കുന്നു. പതിറ്റാണ്ടുകളുടെ കാലപ്പഴക്കത്തെ വിളംബരം ചെയ്തു നിൽക്കുന്ന ഈ കെട്ടിടം പക്ഷേ ചരിത്രം വിറങ്ങലിച്ചു നിന്നൊരു ദുരന്തകാലത്തിന്‍റെ സ്മാരകമാണെന്ന് പലർക്കുമറിയില്ല. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിൽ കേരളത്തിൽ പടർന്നു പിടിച്ച പ്ലേഗ് രോഗം ബാധിച്ചവരെ മാറ്റിപാർപ്പിച്ചിരുന്ന കെട്ടിടമാണിത്.
കൃത്യമായ ചികിത്സയോ പ്രതിരോധ മാർഗങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് പ്ലേഗെന്നാൽ മരണത്തിലേക്കുള്ള വഴിയായിരുന്നു. രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക മാത്രമായിരുന്നു രോഗം പകരാതിരിക്കാനുള്ള ഏക മാർഗം. അങ്ങനെയാണ് പ്ലേഗ് കാലത്തെ ക്വാറന്‍റൈന്‍ കേന്ദ്രമായി ഈ കെട്ടിടമിവിടെ പണിതുയർത്തിയത്. ആ കാലത്ത് കൊച്ചി രാജ്യത്തിന്‍റെ ഭാഗമായിരുന്ന ചിറ്റൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്ലേഗ് രോഗികളെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു.