പാലക്കാട്: വാഹനാപകടങ്ങൾ മൂലം റോഡിൽ ജീവൻ പൊലിയുന്ന കാൽനടയാത്രക്കാരുടെ എണ്ണം ജില്ലയില്‍ വർധിക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അപകടങ്ങളിൽപ്പെട്ട് 221 കാൽനടയാത്രക്കാരാണ് മരിച്ചത്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന വിവരമനുസരിച്ച്, 2019-2021 കാലയളവിൽ ജില്ലയിൽ ആകെ 6,055 വാഹനാപകടങ്ങള്‍ സംഭവിച്ചു. 945 പേർ മരിച്ചതിൽ 221 പേരും കാൽനടയാത്രക്കാരാണ്. 901 കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇത്തരത്തിൽ ആകെ അപകടങ്ങളുടെ 23.6 ശതമാനവും ഇത്തരത്തിലുള്ളതാണ്.
റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാൽനടയാത്രക്കാർക്ക് കൂടുതലായി അപകടം ഉണ്ടാകുന്നത്. രാത്രികാലങ്ങളിലാണ് ഇത്തരം അപകടം കൂടുതലും സംഭവിക്കുന്നത്. രാവിലെ പ്രഭാതസവാരിക്കായി ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്.
വാഹനങ്ങൾ ഓടിക്കുമ്പോൾ ഡ്രൈവർമാർ പാലിക്കേണ്ട നിർദേശങ്ങൾ മോട്ടോവാഹന വകുപ്പ് ബോധവത്കരണം ഉൾപ്പടെയുള്ള പരിപാടികളിലൂടെ നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കാറില്ല. അതിനാൽ റോഡിന്‍റെ സമീപത്തുകൂടി നടക്കുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴും കാൽനടയാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ടവ
1. റോഡിലേക്ക് കയറി നടക്കുന്നത് ഒഴിവാക്കി വലതുവശം ചേർന്ന് റോഡിന്‍റെ അരികിലൂടെ നടക്കുക.
2. റോഡ് മുറിച്ചുകടക്കുമ്പോൾ ഇരുവശവും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക.
3. സീബ്രാലൈൻ, മേൽപ്പാലം എന്നിവയുള്ള ഇടങ്ങളിൽ അതിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുക.
4. റോഡിലൂടെ കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കുക.
5. സിഗ്നൽ ലൈറ്റ് ഉള്ള ജങ്‌ഷനില്‍ അതനുസരിച്ച് മാത്രം റോഡ് മുറിച്ചുകടക്കുക.
6. പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ വാഹനങ്ങൾ ഇല്ലെങ്കിലും റോഡിന്‍റെ നടുവിലൂടെ നടക്കാതിരിയ്ക്കുക.
Also read: മനപ്പൂര്‍വം കെട്ടിച്ചമച്ച കേസ്, തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംഎം മണി