പാലക്കാട്: പട്ടാമ്പി താലൂക്കിൽ തിരുവേഗപുറയിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ അധികൃതർക്കെതിരെ കടുത്ത ആരോപണവുമായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. സ്രവ പരിശോധനാ ഫലം വരുന്നതിന് മുമ്പേ രോഗിയെ വീട്ടിലേക്ക് അയച്ചതിൽ വീഴ്‌ചയുണ്ടെന്നും എം.എൽ.എ ആരോപിച്ചു.
പട്ടാമ്പിയില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ ആരോഗ്യവകുപ്പിന് വീഴ്‌ചയെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ - പട്ടാമ്പി എംഎല്‍എ
സ്രവ പരിശോധന വരുന്നതിന് മുമ്പേ കെയർ സെന്‍ററിൽ നിന്നും വീട്ടിലേക്ക് വിട്ടയച്ച ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പട്ടാമ്പി തിരുവേഗപുറ സ്വദേശിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആരോഗ്യവകുപ്പിനും നഗരസഭക്കുമെതിരെ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. പട്ടാമ്പിയിൽ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തിരുവേഗപുറ സ്വദേശിക്ക് നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷമാണ് കൊവിഡ് പോസിറ്റീവായത്.
സ്രവ പരിശോധന ഫലം വരുന്നതിന് മുമ്പ് ഇയാളെ വീട്ടിലേക്ക് വിട്ടതിൽ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയതായി എം.എൽ.എ പറഞ്ഞു. ഇന്നലെ വൈകുന്നേരം രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഇന്ന് രാവിലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതിലും ആക്ഷേപമുണ്ട്. സ്രവ പരിശോധന ഫലം വരുന്നതിന് മുമ്പ് വീട്ടിലെത്തുകയും പിന്നീട് പോസിറ്റീവ് ആകുകയും ചെയ്തതിനാൽ ഇയാളുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്.