പാലക്കാട്: വരുമാനത്തില്‍ ഗണ്യമായ കുറവുള്ളതിനാല്‍ ജില്ലയിൽ സ്വകാര്യ ബസ് സർവീസ് പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം പതിനഞ്ചിൽ താഴെ മാത്രം സ്വകാര്യ ബസുകളാണ് ജില്ലയിൽ സർവീസ് നടത്തിയത്. പട്ടാമ്പിയിൽ ഏഴ്, കൊഴിഞ്ഞാമ്പാറയിൽ ഒന്ന്, വടക്കാഞ്ചേരിയിൽ മൂന്ന് എന്നീ കണക്കിലാണ് ബസുകള്‍ സർവീസ് നടത്തിയത്. യാത്രക്കാര്‍ കുറവായതിനാല്‍ ഡീസൽ ചെലവിന് പോലും വരുമാനം കണ്ടെത്താന്‍ ഇപ്പോള്‍ നടത്തുന്ന കൊവിഡ് കാല സര്‍വീസിലൂടെ സാധിക്കുന്നില്ലെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽസെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു.
യാത്രക്കാർ കുറവ്, സ്വകാര്യ ബസ് സർവീസ് പ്രതിസന്ധിയിൽ - യാത്രക്കാരുടെ കുറവ്
യാത്രക്കാര്‍ കുറവായതിനാല്‍ ഡീസൽ ചെലവിന് പോലും വരുമാനം കണ്ടെത്താന്‍ ഇപ്പോള്‍ നടത്തുന്ന കൊവിഡ് കാല സര്‍വീസിലൂടെ ബസ് ഉടമകള്‍ക്ക് സാധിക്കുന്നില്ലെന്നാണ് പരാതി
ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി അഞ്ച് ശതമാനം ബസുകൾ മാത്രമാണ് സർവീസ് പുനരാരംഭിച്ചത്. ഇപ്പോള്‍ ഓരോ ദിവസവും 3000 രൂപ വരെ നഷ്ടത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ബസുകളിൽ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതിന് പുറമെ കുറഞ്ഞത് പത്ത് യാത്രക്കാരെയെങ്കിലും അധികം കയറ്റാൻ അനുവദിച്ചെങ്കിൽ മാത്രമേ നഷ്ടം കൂടാതെ സർവീസ് നടത്താൻ സാധിക്കൂവെന്ന് ടി.ഗോപിനാഥൻ പറഞ്ഞു. ഇക്കാര്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.