പാലക്കാട്: പാലക്കാട് നഗരസഭയിലെ കോൺഗ്രസിൽ കലാപത്തിന് തിരികൊളുത്തി പാർലമെന്‍ററി പാർട്ടി നേതാവിന്‍റെ രാജി. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് ബി സുഭാഷാണ് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന് രാജിക്കത്ത് നൽകിയത്. നഗരസഭയുടെ മാസ്റ്റർ പ്ലാൻ കമ്മിറ്റിയിലേക്ക് കോൺഗ്രസ് പ്രതിനിധികളായി ഭവദാസ്, സാജോ ജോൺ എന്നിവരെ നിർദേശിച്ചതാണ് സുഭാഷിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
നേതൃത്വം രാജി സ്വീകരിച്ചാലും ഇല്ലെങ്കിലും സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് സുഭാഷ് എന്നാണ് വിവരം. മാസ്റ്റർപ്ലാൻ കമ്മിറ്റിയിലേക്ക് പേര് നിർദേശിക്കപ്പെട്ടത് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.
Also read: പരിശോധന നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; റെയ്‌ഡ് പ്രചാരണം നിഷേധിച്ച് കെ.സുധാകരൻ
കഴിഞ്ഞ തവണ 10 കൗൺസിലർമാരാണ് നഗരസഭയിൽ കോൺഗ്രസിനുണ്ടായിരുന്നത്. ഇത്തവണ സ്വതന്ത്രർ അടക്കം 12 പേരുണ്ട്. ഭവദാസ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ അന്നത്തെ ഡിസിസി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠൻ എംപി ഭവദാസിനെ പുറത്താക്കിയിരുന്നു.
ഭവദാസ് അടക്കമുള്ളവരുടെ പ്രവർത്തനമാണ് കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ചതെന്നും ഭവദാസ് ഒപ്പമില്ലാത്ത സമയത്ത് കോൺഗ്രസിന് നേട്ടമുണ്ടായെന്നും എതിർ വിഭാഗം ആരോപിക്കുന്നു. ഇപ്പോഴത്തെ കോൺഗ്രസ് ജില്ല നേതൃത്വം ഭവദാസിന് കൂടുതൽ പരിഗണന നൽകുന്നതിൽ പല കൗൺസിലർമാർക്കും എതിർപ്പുണ്ട്. അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിൽ എത്തിയതോടെ ജില്ല നേതൃത്വം വെട്ടിലായിരിക്കുകയാണ്.