പാലക്കാട്: ഷൊർണൂർ റെയിൽവേ പാതയിൽ മാങ്കുറുശി വള്ളൂർത്തൊടിക്ക് സമീപം ഓവുപാലം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു. കരാർ കമ്പനിയിലെ ജീവനക്കാരൻ ഈറോഡ് കറുകപാളയം സ്വദേശി ധ്യാനേശ്വരൻ (45) ആണ് മരിച്ചത്. ഇയാൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു.
തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം. താൽക്കാലിക പാലത്തിനു താഴെ ഓവുപാലത്തിന്‍റെ കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മാങ്കുറുശി സ്വദേശികളായ ബാലകൃഷ്‌ണൻ, അയ്യപ്പൻ, ശരീഫ്, റെയിൽവേ ജീവനക്കാരൻ റിയാസ് എന്നിവർക്ക് പരിക്കേറ്റു.