പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനം തടയാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി പൊതു പരിപാടികളും കല്യാണ ചടങ്ങുകളും നടത്തുന്നവർ പരിപാടി നടത്തുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്തിലും പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കണമെന്ന് ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇവ സെക്ടറൽ മജിസ്ട്രേറ്റുമാർ നിരീക്ഷിക്കുകയും ചെയ്യും. പുറത്തു നടക്കുന്ന പൊതു പരിപാടികളിലും കല്യാണ ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ഉം അകത്തു നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ഉം ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 60 വയസിനു മുകളിലും 10 വയസിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന നിർദേശമുണ്ട്.
കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വമേധയാ പരിശോധന നടത്തണം. തെരഞ്ഞെടുപ്പ് പ്രചരണം, ഉത്സവം എന്നിവയിൽ പങ്കെടുത്തവരിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലോ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലോ സ്വമേധയ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഡിഎംഒ കെ.പി റീത്ത അറിയിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.