പാലക്കാട്: പാലക്കാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാളാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.
ഗൂഢാലോചനയിലെ പങ്കാളികളടക്കമാണ് 17 പേര്‍ പിടിയിലായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് പട്ടാപ്പകല്‍ നഗരമധ്യത്തിലെ കടയില്‍ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവര്‍ എത്തുന്നതിന് മുന്‍പ് തന്നെ മേലാമുറിയില്‍ സഹായികളായി ചിലര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
ശ്രീനിവാസന്‍റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേര്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പ്രതികളിലേക്കെത്തിയത്.
കൊലയാളി സംഘം ഉപയോഗിച്ച ബൈക്ക് പൊളിച്ചു? : ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ എത്തിയ ബൈക്ക് പൊളിച്ചതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാര്‍ക്കറ്റുകളിലെ വര്‍ക്ഷോപ്പുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്‌പി അനില്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Also read:'ആസൂത്രണം ഒറ്റ രാത്രി, കൊലപ്പെടുത്തിയത് 20 സെക്കന്‍ഡില്‍'; ശ്രീനിവാസന്‍ വധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിനിടെ, ശ്രീനിവാസന്‍ വധക്കേസ് പ്രതിയായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്‍റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം ഫിറോസിന്‍റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികള്‍ എറിയുകയായിരുന്നു.
സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വിരോധം മൂലമാണ് അക്രമികള്‍ ഫിറോസിന്‍റെ വീട് ആക്രമിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന് എസ്‌ഡിപിഐ ജില്ല നേതൃത്വം ആരോപിച്ചു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നാണ് ആര്‍എസ്‌എസിന്‍റെ വാദം.