പാലക്കാട്: വാഹനാപകടത്തിൽ മരിച്ച എൻജിഒ യൂണിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന കെ പ്രദീപ് കുമാർ സർക്കാർ സർവീസിൽ കയറി ശമ്പളം വാങ്ങി ആദ്യം പോയത് ഇഎംഎസിനെ കാണാൻ. 1997ലാണ് പ്രദീപ് കുമാർ സർക്കാർ സർവീസിൽ കയറുന്നത്. അതുവരെ ഓട്ടോ ഡ്രൈവറായും ബസ് കണ്ടക്‌ടറായും ആയുർവേദ ഫാർമസി ഏജന്‍റായും പ്രവർത്തിച്ചു.
ചുമട്ടുതൊഴിലാളി യൂണിയനിലും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയിലും പ്രവർത്തിച്ചിരുന്നു. സർവീസിൽ കയറിയ ശേഷവും പ്രദീപ് സമരമുഖങ്ങളിലെ മുൻനിര പോരാളിയായി തുടർന്നു. പാലക്കാട് മൈനർ ഇറിഗേഷൻ വകുപ്പ് ശിരുവാണി ഡിവിഷൻ ഓഫിസിൽ ഉദ്യോഗസ്ഥനായിരുന്നു.
അട്ടപ്പാടി ഭവാനി ബേസിൽ ഡിവിഷൻ ഓഫിസിൽ ജോലിയിൽ പ്രവേശിച്ച പ്രദീപ് എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്‍റ്, സെക്രട്ടറി, ജില്ല കമ്മറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാന കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിച്ചു. കാഞ്ഞിരപ്പുഴ, ചെർപ്പുളശേരി, വയനാട്, അഗളി, പാലക്കാട് എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയില്‍ സജീവമായ പ്രദീപ് ജനകീയാസൂത്രണ പരിപാടികളിലും നിറസാന്നിധ്യമാണ്.
കാരാകുറുശി ജിവിഎച്ച്എസ് സ്‌കൂളില്‍ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ ശശി, യു.ടി രാമകൃഷ്‌ണന്‍, കെ.എസ് കൃഷ്‌ണദാസ് എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. ഇന്ന് ഉച്ചക്ക് 12ന് മൃതദേഹം പാലക്കാട് ഗവ. മെഡിക്കൽ കോളജിന് കൈമാറും.