പാലക്കാട്: അട്ടപ്പാടിക്കായി വിവിധ വകുപ്പുകള്‍ ചേർന്ന് തയ്യാറാക്കുന്ന കർമപദ്ധതി ജനുവരി 15നകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍. അട്ടപ്പാടിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. ആവശ്യമെങ്കിൽ വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വാർത്തയായപ്പോൾത്തന്നെ വിവിധ ഘട്ടങ്ങളിൽ യോഗം ചേർന്നിരുന്നു. അട്ടപ്പാടിയിലെ ചെറിയ സംഭവത്തിനുപോലും വാർത്താപ്രാധാന്യം കൂടുന്നു. നിലവിൽ അട്ടപ്പാടിയിൽ വർധിച്ച ശിശുമരണമില്ല. ഗർഭിണികളുടെ ആരോഗ്യ സ്ഥിതി കൃത്യമായി പഠിക്കും. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവർക്ക് പ്രത്യേക പരിചരണം നൽകും.
ഫണ്ട് കൃത്യമായി എത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഡി അഡിക്ഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വളണ്ടിയർമാരെ നിയമിക്കാനും നടപടി സ്വീകരിക്കും. ആയുര്‍വേദം, ഹോമിയോപ്പതി, അലോപ്പതി വകുപ്പുകള്‍ ചേര്‍ന്ന് അട്ടപ്പാടിക്കായി ആരോഗ്യ പദ്ധതികള്‍ നടപ്പാക്കി കൃത്യമായി നിരീക്ഷിക്കും.