പാലക്കാട് :മാവോയിസ്റ്റ് ദീപക് എന്ന ചന്തുവിനെ അഗളി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 2019ൽ അട്ടപ്പാടിയിലെ ആനവായ് ഊരിൽ വന്ന് നടത്തിയ ഇടപെടലുകളിലെ തെളിവെടുപ്പിന് വേണ്ടിയാണ് ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങിയത്. 2019 ഒക്ടോബറിൽ അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നടന്ന വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടയാളാണ് ദീപക്.
ഈ വെടിവയ്പ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ദീപക്കിനെ മഞ്ചിക്കണ്ടിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള കേരള-തമിഴ്‌നാട് അതിർത്തിയായ മൂലഗംഗൽ വനാന്തരങ്ങളിൽ നിന്നുമാണ് പിടികൂടുന്നത്.
കോമ്പിങ്ങ് ഓപ്പറേഷൻ നടത്തുകയായിരുന്ന പൊലീസാണ് ദീപക് ഉൾപ്പടെ മൂന്നുപേരെ മൂലഗംഗൽ വനാന്തരങ്ങളിൽ വച്ച് കണ്ടത്. പൊലീസിനെ കണ്ടതും തങ്ങളുടെ സാമഗ്രികൾ ഉപേക്ഷിച്ച് ഭയന്നോടിയ ഇവരിൽ ദീപക് ഒരു തോട്ടിൽ മറിഞ്ഞുവീണതിനെ തുടർന്ന് പിടിയിലാവുകയായിരുന്നു. തോക്കുപയോഗിക്കുന്നതിൽ വൈദഗ്ധ്യം ഉണ്ടായിരുന്ന ദീപക് ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി അംഗമാണ്.