പാലക്കാട്: പൂട്ടിക്കിടന്ന വീടിനുള്ളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. തത്തമംഗലം രായപ്പൻ തെരുവിൽ ഗണേഷ് കുമാറിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തോളമായി ഗണേഷ് കുമാറിനെ കുറിച്ച് വിവരമൊന്നുമില്ലെന്നും പൂട്ടിക്കിടക്കുന്ന വീട് തുറക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് സഹോദരൻ നൽകിയ പരാതിയിൽ പൊലീസിന്‍റെ അനുമതിയോടെ ഞായറാഴ്‌ച വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷത്തിലേറെയായി ഇയാളെ കുറിച്ച് സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു വിവരവും ഇല്ല.