പാലക്കാട്: ട്രാൻസ് വനിത ആയതിന്‍റെ പേരിൽ താൽകാലിക ജോലി നഷ്‌ടമായ അനീറ കബീറിന് സർക്കാർ സ്ഥിരം ജോലി നൽകും. വിദ്യാഭ്യാസ വകുപ്പിൽ എസ്‌എസ്‌കെയിലാണ് നിയമനം. നിയമനം നൽകി രണ്ടുമാസത്തിനകം സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വിളിപ്പിച്ച് നേരിൽ ഉറപ്പുനൽകി. ഇതോടെ ഹൈക്കോടതിയിൽ ദയാവധത്തിന് അപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കുന്നതായി അനീറ കബീർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ ജോലി നൽകാനാണ് സാധ്യത. സ്ഥിരം ജോലി എവിടെ വേണമെന്ന് പിന്നീട് തീരുമാനിക്കും. ഒരു മാർഗവുമില്ലാതെയാണ് ഹൈക്കോടതിയിൽ ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക് അപേക്ഷ നൽകിയതെന്ന് ഒറ്റപ്പാലം സ്വദേശിയായ അനീറ കബീർ പറഞ്ഞു.
രണ്ടു വിഷയത്തിൽ ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും നേടിയ അനീറയ്‌ക്ക് ഹയർ സെക്കൻഡറി അധ്യാപികയാകാനുള്ള യോഗ്യതയുണ്ട്. എന്നാൽ ട്രാൻസ്ൻജെഡറാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാ യോഗ്യതയും കടലാസിൽ മാത്രമാകും.