പാലക്കാട്: നെല്ല് സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കർഷക മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഓഫീസിലേക്ക് ശയനപ്രദക്ഷിണം നടത്തി. സംഭരണം വൈകുന്നതിനാൽ നെൽകർഷകർ വലിയ പ്രതിസന്ധിയിലാണ്. വിളവ് പാകമായിട്ടും സംഭരണത്തിന്‍റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ നെല്ല് കൊയ്യാനാകാത്ത സാഹചര്യമാണ്. അവസരം മുതലെടുത്ത് സ്വകാര്യ മില്ലുകൾ കുറഞ്ഞ നിരക്കിൽ നെല്ല് സംഭരിക്കുന്നുണ്ടെന്നും ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും കർഷക മോർച്ച ജില്ലാ പ്രസിഡന്‍റ് കെ ശിവദാസ് പറഞ്ഞു.
നെല്ല് സംഭരണം വൈകുന്നതില്‍ പ്രതിഷേധം; ശയനപ്രദക്ഷിണം നടത്തി കര്‍ഷക മോര്‍ച്ച - പാലക്കാട്
നെല്ല് സംഭരണം വൈകുന്നതിന് പിന്നിൽ സർക്കാരിന്‍റെയും സപ്ലൈകോ അധികൃതരുടെയും സ്വകാര്യ മില്ലുടമകളുടെയും ഒത്തുകളിയാണെന്ന ആക്ഷേപവും വ്യാപകമാണ്.
ഇത്തവണ 4,150 മെട്രിക് ടൺ നെല്ല് മാത്രമാണ് പാലക്കാട്ടെ കർഷകരിൽ നിന്നും താങ്ങുവില നൽകി സംഭരിച്ചത്. കഴിഞ്ഞ വർഷം ഇത് 1.64 ലക്ഷം മെട്രിക് ടണ്ണായിരുന്നു. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന അമ്പതിലധികം മില്ലുകളിൽ നാല് എണ്ണം മാത്രമാണ് ഇപ്പോൾ നെല്ല് സംഭരിക്കുന്നത്. വർഷങ്ങളായി ഉന്നയിക്കുന്ന പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചില്ലെന്ന കാരണത്താലാണ് മില്ലുടമകൾ സംഭരണത്തിൽ നിന്നും വിട്ട് നിൽക്കുന്നത്. നെല്ല് സംഭരണം വൈകുന്നതിന് പിന്നിൽ സർക്കാരിന്‍റെയും സപ്ലൈകോ അധികൃതരുടെയും സ്വകാര്യ മില്ലുടമകളുടെയും ഒത്തുകളിയാണെന്ന ആക്ഷേപവും വ്യാപകമാണ്.