പാലക്കാട്: എല്ലാവർക്കും സൗജന്യ നിരക്കിൽ ഇന്‍റർനെറ്റ് എത്തിക്കാനുളള സംസ്ഥാന സർക്കാരിന്‍റെ കെ ഫോൺ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്) പദ്ധതി വേഗത്തിലാക്കുന്നു. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ ജൂൺ 22ന് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് സ്ഥാപിക്കൽ പൂർത്തിയാകുമെന്ന് പദ്ധതി നടപ്പാക്കുന്ന കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ച്ചർ ലിമിറ്റഡ് അധികൃതർ അറിയിച്ചു.
ജില്ലയിൽ കെ ഫോണിന്‍റെ ഒന്നാഘട്ടം പൂർത്തിയായി. 306 സർക്കാർ സ്ഥാപനത്തിൽ കെ ഫോൺ സ്ഥാപിച്ച് ഇന്‍റർനെറ്റ് ഉപയോഗം ആരംഭിച്ചു. ചെറിയ നെറ്റ്‌വർക്ക് പ്രശ്നങ്ങളുണ്ടെങ്കിലും ഒരു മാസത്തിനകം പൂർണതോതിൽ പ്രവർത്തന ക്ഷമമാകും.
ജില്ലയിൽ ആകെ 2,108 സ്ഥാപനത്തിലാണ് കെ ഫോൺ സ്ഥാപിക്കേണ്ടത്. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ സ്ഥാപിക്കുന്ന ജോലി 84 ശതമാനം പൂർത്തിയായി. 273 കിലോ മീറ്ററിൽ 228 കിലോമീറ്റർ പൂർത്തിയായി. കെഎസ്ഇബി തൂണുകളിലൂടെ കെ ഫോണിന്‍റെ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലി 35 ശതമാനം പൂർത്തിയായി. 2,422 കിലോമീറ്ററിൽ 854 കിലോമീറ്റർ പൂർത്തിയായി.
തടസം നീക്കി; പദ്ധതി കുതിക്കുന്നു
മേൽപ്പാലങ്ങൾ, റെയിൽപ്പാളങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ വയറുകൾ വലിക്കാനുള്ള തടസം നീക്കിയതോടെയാണ് പദ്ധതി വേഗത്തിലായത്. കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ച്ചർ ലിമിറ്റഡും കെഎസ്‌ഇബിയും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.