തിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷം വാർത്തകൾ സൃഷ്ടിക്കരുതെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഡി.പി.ആറിൽ ചില കാര്യങ്ങൾ കൂടി ചേർക്കണമെന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളത്. അവർക്ക് കൃത്യമായി മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. പദ്ധതിയിൽ ആവശ്യമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തെ നൽകിയ കത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ-റെയിൽ; അനുമതി തരില്ലെന്ന് പറഞ്ഞിട്ടില്ല, പ്രതിപക്ഷം വാർത്ത സൃഷ്ടിക്കരുതെന്ന് കെ. എൻ ബാലഗോപാൽ 'പ്രതിപക്ഷ നേതാവ് ചിന്തിക്കണം'
ജനങ്ങളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് സർക്കാർ ഭംഗിയായി നിറവേറ്റും. ഡി.പി.ആറിൽ ചില കാര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതുണ്ട്. ഇത് അബദ്ധം എന്ന നിലയിൽ പറയുന്ന പ്രതിപക്ഷ നേതാവ് ചിന്തിക്കണമെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം പാരിസ്ഥിതിക ആഘാത പഠനം റെയിൽവേ പ്രൊജക്ടിന് വേണ്ടെന്നും പ്രൊജക്‌ട് സംബന്ധിച്ച് വിലയിരുത്തൽ നടക്കുകയാണെന്നും ആവശ്യമായ പഠനം നിലവിൽ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ കാര്യങ്ങൾ ചോദിച്ച് വ്യക്തത വരുത്തിയ ശേഷമാണ് എന്തിനും അനുമതി നൽകാറുള്ളത്. എന്നാൽ അനുമതി വൈകിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കെ റെയിൽ പദ്ധതി ഒരുപാട് വൈകിപ്പിക്കാതെ നടപ്പിലാക്കുകയാണ് വേണ്ടത്. താമസിപ്പിക്കുന്നത് ചെലവ് വർധിപ്പിക്കും. അഞ്ച് വർഷം താമസിച്ചാൽ ചെലവ് ഒരു ലക്ഷം കോടിയാകും.
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് പദ്ധതിയെയും മന്ത്രി വിമർശിച്ചു. വന്ദേ ഭാരത് എന്ന് പറഞ്ഞാൽ വണ്ടി ഓടില്ല. കൂടുതൽ പണം നീക്കിവയ്ക്കണം. അത്തരത്തിൽ പണം നീക്കിവച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
READ MORE:Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ