പാലക്കാട്: പാലക്കാട് സാംസ്‌കാരിക ചടങ്ങിനിടെ നൃത്ത പരിപാടി തടസപ്പെടുത്തിയ സംഭവത്തില്‍ ജില്ല ജഡ്‌ജി കലാം പാഷയുടെ വീടിന് മുന്നില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം. ശനിയാഴ്‌ച ഗവ. മോയൻ എൽ.പി സ്‌കൂളില്‍ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് ഡോ. നീന പ്രസാദിന്‍റെ നൃത്ത പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ജില്ല ജഡ്‌ജിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെയും പൊലീസുകാരുടെയും ഇടപെടലിനെത്തുടർന്ന് ഇത് തടസപ്പെടുകയായിരുന്നു
സംഭവത്തിൽ സാംസ്‌കാരിക മേഖലയിലുള്ളവർ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിരുന്നു. നീന പ്രസാദും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. എട്ടുമണിയോടുകൂടി ആരംഭിച്ച കച്ചേരിയ്ക്ക് രാത്രി 9.30 വരെ അനുമതി ഉണ്ടായിട്ടും ഇടയ്ക്കു വച്ച് കച്ചേരി നിര്‍ത്താന്‍ ജഡ്‌ജി കല്‍പ്പിച്ചതായി നീന കുറിപ്പില്‍ പറയുന്നു.