മെൽബണ്‍ :ഓസ്ട്രേലിയയിൽ വച്ച് ഈ വർഷം നടക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ടിക്കറ്റുകൾ മിനിട്ടുകൾക്കുള്ളിൽ വിറ്റുതീർന്നു. ടിക്കറ്റ് വിൽപന തുടങ്ങി അഞ്ച് മിനിട്ടിനകമാണ് അറുപതിനായിരം ടിക്കറ്റുകളും വിറ്റുതീർന്നത്. ഒക്ടോബർ 23ന് മെൽബണിലാണ് ക്രിക്കറ്റിലെ എക്കാലത്തെയും ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം.
കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ ഇന്ത്യയെ തോൽപിച്ചിരുന്നു. ഐസിസി ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ ആദ്യ ജയമായിരുന്നു ഇത്. ഇതിന് പകരം വീട്ടുക എന്ന ലക്ഷ്യവുമായാകും ഇന്ത്യ ഇത്തവണയിറങ്ങുക.
ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്. സെമി ഫൈനൽ സിഡ്‌നി, അഡ്‍ലെയ്‌ഡ് എന്നിവിടങ്ങളിലും ഫൈനല്‍ മെൽബണിലും നടക്കും.