പാലക്കാട്:തങ്ങളുടെ ചുറ്റുവട്ടത്താരും വിശന്നു വലഞ്ഞിരിക്കരുതെന്ന ലക്ഷ്യത്തോടെ രണ്ട് വ്യക്തികള്‍ ആരംഭിച്ച ഒരു ഉദ്യമം ഇന്ന് പലർക്കും ആശ്വാസകരമായിരിക്കുകയാണ്. ഇപ്പോള്‍ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും രുചിയുള്ള കോഴി ബിരിയാണി കഴിക്കാമല്ലോ എന്ന ആശ്വാസത്തിലാണ് കോട്ടത്തറയിലെ നിര്‍ധനരായ ഒരുകൂട്ടം ജനങ്ങള്‍.
ഈ പാലക്കാടൻ ബിരിയാണിക്ക് സ്നേഹത്തിന്‍റെ രുചിയാണ്: ഇത് രണ്ട് മനസുകളുടെ പുണ്യം എൻ.കെ. മുഹമ്മദ് ഇഖ്ബാൽ, പി.എ. അഷ്റഫ് എന്നിവരാണ് ഈ മഹത്തായ സംരംഭത്തിന്‍റെ അമരത്ത്. വിശപ്പ് രഹിത ഗ്രാമത്തിനായാണ് മൂന്ന് വര്‍ഷം മുമ്പ് ഇരുവരും ശ്രമം ആരംഭിച്ചത്. തുടക്കകാലങ്ങളിൽ ഇരുപത് പേരായിരുന്നു പ്രതിദിനം ഭക്ഷണത്തിനായി ഇവരെ തേടിയെത്തിയിരുന്നത്. എന്നാല്‍ ഇന്ന് ദിവസവും നൂറോളം പേരുടെ വയറും മനസും നിറയ്‌ക്കാൻ ഇവര്‍ക്കാകുന്നുണ്ട്.
കോട്ടത്തറയിൽ ഹോട്ടൽ നടത്തുന്ന അഷ്റഫ് ബിരിയാണി വെച്ച് പൊതികളാക്കി കോട്ടത്തറയിലെത്തിക്കും. അഫ്റഫും മുഹമ്മദ് ഇഖ്ബാലും ചേർന്നാണ് വിതരണം. സ്ഥിരം വരുന്നവരിൽ ആരെങ്കിലും വരാതിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഇരുവരും കൂടി അവരുടെ വീട്ടിൽ പോയി ഭക്ഷണപ്പൊതി കൈമാറും. എന്തെങ്കിലും അസുഖങ്ങൾ കാരണമാണ് ഭക്ഷണവിതരണത്തിൽ എത്താൻ കഴിയാത്തതെങ്കിൽ അവരെ ആശുപത്രിയിൽ എത്തിക്കുന്ന ഉത്തരവാദിത്വം കൂടി ഇവർ ഏറ്റെടുക്കും.
കോട്ടയ്ക്കൽ ഉമ്മർ ബാവാ ഹാജിയുടെ ജന സേവന നടപടികള്‍ ചെറുപ്പക്കാലം മുതൽ കണ്ട് വളർന്ന, മലപ്പുറം കോട്ടക്കൽ വട്ടപ്പറമ്പ് സ്വദേശിയായ ഇഖ്ബാൽ കാൽ നൂറ്റാണ്ടായി അട്ടപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഇഖ്ബാലിന്‍റെ ഉദ്യമത്തിന് പ്രോത്സാഹനമാകുന്നത് ഉമ്മർ ബാവാ ഹാജിയുടെ സഹോദരങ്ങളായ ആലുങ്ങൽ കുഞ്ഞാവ ഹാജിയും കുഞ്ഞുഹാജിയുമാണ്. മറ്റ് സുഹൃത്തുക്കളും ഒപ്പമുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടത്തറ യൂണിറ്റ് സെക്രട്ടറി കൂടിയാണ് ഇഖ്ബാൽ.
നിത്യേന ഇത്തരത്തിൽ ഭക്ഷണ വിതരണം നടത്തണമെന്ന ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത ഒരു വിലങ്ങു തടിയാണ്. എങ്കിലും ബുധനാഴ്ച്ചകളിലെ ബിരിയാണി വിതരണത്തിന് നാളിതുവരെ മുടക്കം വരുത്തിയിട്ടില്ല. സമാന ചിന്താഗതിക്കാരായ കൂടുതല്‍ പേരെ ഉൾപ്പെടുത്തിക്കൊണ്ട് വസ്ത്രം, മരുന്നുകൾ എന്നിവ കൂടി വയോജനങ്ങൾക്ക് നൽകുവാനാണ് ഇവർ പദ്ധതിയിടുന്നത്.