പാലക്കാട് :യാക്കരപ്പുഴയിൽ യുവാവിന്‍റെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റില്‍. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി ഋഷികേശ് (21), കാടങ്കോട് സ്വദേശികളായി എസ് ഹക്കീം (22), ആർ അജയ് (21) തിരുനെല്ലായി സ്വദേശി ടി മദൻ കുമാർ (24) എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
സുവീഷ് കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്‌തതായി ചിറ്റൂർ സിഐ ജെ മാത്യു അറിയിച്ചു. മൃതദേഹാവശിഷ്‌ടം സുവീഷിന്‍റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും പ്രതികളുടെ മൊഴികളും മൃതദേഹാവശിഷ്‌ടം സുവീഷിന്‍റേതാണെന്ന് വൃക്തമാക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. അന്തിമ ഫോറന്‍സിക് പരിശോധന ഫലം അടുത്ത ദിവസങ്ങളില്‍ വരും.
കേസിൽ വെള്ളിയാഴ്‌ച അറസ്റ്റിലായ ഷമീറലിയെയും സൂരജിനെയും ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ബാക്കി നാല് പേരെ ശനിയാഴ്ച വൈകുന്നേരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ എസ്ഐ എം മഹേഷ്‌കുമാർ പറഞ്ഞു.
കൊലപാതകത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:വ്യാഴാഴ്‌ച (26.08.2022) രാത്രിയാണ് യാക്കരപ്പുഴയുടെ ചതുപ്പിൽ നിന്ന് സുവീഷിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കൊലപാതകത്തിൽ പങ്കുണ്ട്. സുവീഷിനെ കൊലപ്പെടുത്തി പുഴയുടെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സമയത്ത് പ്രതികൾ എല്ലാവരും ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചിരുന്നു.
ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പ്രതികൾക്ക് സുവീഷിനോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറ് പ്രതികൾക്കും സുവീഷിനോട് വിവിധ കാരണങ്ങൾ കൊണ്ട് വൈരാഗ്യമുണ്ടായിരുന്നു. സുവീഷിനെ കാണാതായ ജൂലായ് 19ന് വൈകുന്നേരം ഹക്കീമും ഷമീറുമാണ് സുവീഷിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്.