പാലക്കാട്: വീടുവിട്ടിറങ്ങിയ കുട്ടിക്കൂട്ടം ഒരു രാത്രി മുഴുവൻ പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കി. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവളുപാറ കോളനിയിലെ 10, 12, 12, 13 വയസുള്ള നാല് ആൺകുട്ടികളാണ് കഴിഞ്ഞ രാത്രി ഒരു നാടിന്‍റെ ഉറക്കം കെടുത്തിയത്.
രാത്രിയായിട്ടും കുട്ടികൾ വീട്ടിലെത്താതായതോടെ രക്ഷിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്ഐ നീൽ ഹെക്‌ടര്‍ ഫെർണാണ്ടസിന്‍റെ നേതൃത്വത്തിൽ മംഗലം ഡാം പൊലീസും ഡെപ്യൂട്ടി റേഞ്ചർ കെ അഭിലാഷിന്‍റെ നേതൃത്വത്തിൽ വനംവകുപ്പും രാത്രി പലഭാഗത്തും അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. വെള്ളിയാഴ്‌ച രാവിലെ നെല്ലിക്കോട് നിന്നും കുട്ടികളെ കണ്ടെത്തി.
വ്യാഴാഴ്‌ച ഉച്ചയോടെയാണ് 12, 10 പ്രായക്കാരായ സഹോദരങ്ങളും അയൽവാസികളായ മറ്റ് രണ്ടുപേരും ചേർന്ന് കോളനി വിട്ടിറങ്ങിയത്. പകൽ സമയത്ത് നന്നങ്ങാടി ഭാഗത്ത് തേക്കിൻകാട്ടിലിരുന്ന് വൈകീട്ടാണ് നാൽവർ സംഘം മംഗലം ഡാം ടൗണിലെത്തിയത്. അച്ഛന് കൊടുക്കാൻ മറ്റൊരാൾ ഏൽപ്പിച്ച 150 രൂപ ഒരാളുടെ കൈവശമുണ്ടായിരുന്നു.
രാത്രി എട്ടരയോടെ ഹോട്ടലിൽ വന്ന് കുട്ടികള്‍ പൊറോട്ട കഴിച്ചു. രാത്രി സമയത്ത് കുട്ടികൾ തനിച്ച് വന്നപ്പോള്‍ ഹോട്ടലുടമ കാര്യം അന്വേഷിച്ചെങ്കിലും കളിക്കാൻ വന്നതാണെന്നും രാത്രിയായതിനാല്‍ കവളുപാറക്ക് തിരിച്ചു ചെല്ലാതെ മരുതം കുളമ്പിലെ ബന്ധുവീട്ടിലേക്ക് പോകാൻ അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. മരുതം കുളമ്പ് അടുത്ത സ്ഥലമായതിനാല്‍ ഹോട്ടലുടമയ്‌ക്കും സംശയം തോന്നിയില്ല.
മരുതം കുളമ്പിലേക്കെന്ന് പറഞ്ഞു പോയ കുട്ടികൾ വടക്കേകളത്ത് വെയിറ്റിങ് ഷെഡിന്‍റെ പിറകിൽ രാത്രി കഴിച്ചുകൂട്ടി. പുലർച്ചെ എഴുന്നേറ്റ് മുടപ്പല്ലൂർ ഭാഗത്തേക്ക് പ്രധാന റോഡിലൂടെ ഇവര്‍ നടന്ന് പോകുന്നതായി നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി നെല്ലിക്കോടുനിന്ന് നാലുപേരെയും മംഗലം ഡാം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ആലത്തൂർ തഹസിൽദാർ കെ ബാലകൃഷ്‌ണന്‍, മംഗലം ഡാം സിഐ കെ.ടി ശ്രീനിവാസൻ, ട്രൈബൽ എക്സ്റ്റഷൻ ഓഫിസർ സി രാജലക്ഷ്‌മി, വാർഡ് മെമ്പർ രേഷ്‌മ അഭിലാഷ് എന്നിവർ സ്ഥലത്തെത്തി. വീട് വിട്ടിറങ്ങാനുള്ള സാഹചര്യം ചോദിച്ചറിഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
Also read: Transgender Battalion | വരുന്നു കേരള പൊലീസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ബറ്റാലിയന്‍ ; ശുപാര്‍ശ കൈമാറി സര്‍ക്കാര്‍