പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയായി ഇ.എൻ സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തു. നിലവിൽ ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്. ചിറ്റൂർ പെരുമാട്ടി കോരിയാർചള്ള ഇടയൻകൊളമ്പ് വീട്ടിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് ഇ.ആർ നാരായണന്‍റെ മകനാണ്.
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സുരേഷ് ബാബു ആദ്യമായാണ് ജില്ല കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. അമ്പത്തൊന്നുകാരനായ സുരേഷ് ബാബു എസ്‌എഫ്‌ഐ ചിറ്റൂർ ഏരിയ പ്രസിഡന്‍റ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു ജില്ല കമ്മിറ്റിയംഗം, മലബാർ സിമന്‍റ്‌സ് ഡയറക്‌ടര്‍, ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആൻഡ് റിസർച്ച് സെന്‍റര്‍ പ്രസിഡന്‍റ് എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
ചിറ്റൂർ ഗവ. കോളജിൽ നിന്ന് സാമ്പത്തികശാസ്‌ത്രത്തിലെ ബിരുദത്തിന് ശേഷം പൂനെ സിമ്പയോസിസ് കോളജ് ഓഫ് ലോയിൽ നിയമപഠനവും പൂർത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സിപിഎമ്മിൽ മുഴുവൻ സമയ പ്രവർത്തനം ഏറ്റെടുത്തത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ് ബാബു ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
Also read: CMS Kottayam | ചരിത്രം ചുമര്‍ചിത്രങ്ങളാകുന്നു ; പുസ്തകശാലയ്‌ക്കൊപ്പം ചിത്രകലാ മ്യൂസിയവും തുറക്കാന്‍ സി.എം.എസ്